എം-സോണ്‍ റിലീസ് – 935
പെൺസിനിമകൾ – 11
ഭാഷ | അറബിക്, ഫ്രഞ്ച് |
സംവിധാനം | Rayhana Obermeyer |
പരിഭാഷ | സിനിമ കളക്ടീവ് വടകര |
ജോണർ | ഡ്രാമ |
നമുക്ക് അപരിചിതമായ സ്ത്രീകളുടെ ലോകമാണ്, അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്ന ചലച്ചിത്രം കാഴ്ചയാക്കുന്നത്. ആകാശം കാണുന്നതു വിലക്കിയപ്പോള്‍ കഴുകിയ തുണികള്‍ ഉണക്കാനായി ടെറസില്‍ പോയി മേഘങ്ങളെ കാണുന്ന പെണ്‍കുട്ടികള്‍, പുകവലിക്കാന്‍ പാത്തിരിക്കേണ്ടി വരുന്നവര്‍, പെണ്ണിന്റെ രഹസ്യാനുഭവങ്ങളും ആനന്ദങ്ങളും കൂട്ടുകാരികളോടു പറഞ്ഞ് ഉല്ലസിക്കുന്നവര്! ഇത് ഹമാം എന്ന സ്ത്രീകളുടെ മാത്രം ലോകത്തെ കാഴ്ചകളാണ്. അതൊരു ടര്‍ക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രം. പെണ്ണുങ്ങളുടെ കുളിയിടമെന്നും പറയാം. ഇത് കുളിയിടത്തിലേക്ക് തിരിച്ചുപിടിച്ച ക്യാമറയുമായി റെയ്ഹാന ഒബര്‍മെയര്‍ എന്ന ചലച്ചിത്ര സംവിധായക തന്റെ ആദ്യ ചലച്ചിത്രത്തിലൂടെ കാട്ടിത്തരുന്ന കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ത്രീകളുടെ ലോകമാണ്.
ചിത്രത്തിന്റെ മുന്നണിയില്‍ മാത്രമല്ല ചലച്ചിത്ര സാക്ഷാത്കാരത്തിന്റെ പിന്നിലുള്ള മറ്റു സാങ്കേതികവിദഗ്ധരും സ്ത്രീകളാണ്. തിരക്കഥയും എഡിറ്റിംഗും സംവിധായിക റെയ്ഹാന തന്നെ. സംഗീതം ആന്‍ സൂചി വെസ്നെയ്ന്. ഒളിമ്പിയ മിറ്റിലിനാവോയും മുഹമ്മദ് തയബ് ലഗ്ഗോനുമാണ് ക്യാമറ. ഗ്രീസിലാണ് ഹമാം ഏതാണ്ട് പൂര്‍ണമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഏതാനും വാതില്‍പ്പുറ കാഴ്ചകള്‍ അള്‍ജിയേഴ്സിലും. ഒരു പെണ്ണിടവും അവിടെ മുഴങ്ങിക്കേട്ട ആത്മരോഷങ്ങളുടെയും ദീനരോദനങ്ങളുടെയും പോരാട്ടത്തിന്റെയും തീവ്രാനുഭവമാണ് ഈ ചലച്ചിത്രം. അഭയവും സാന്ത്വനവും അരുളേണ്ട പുരുഷനും വീടും കിടപ്പറയും മാത്രമല്ല മതവും തീര്‍ക്കുന്ന കടന്നാക്രമണങ്ങളെ അവള് സ്വയം നേരിടുന്നു. സ്ത്രീക്കു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സ്ത്രീയുടെ ആന്തരിക ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവമാണ് ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്.