എം-സോണ് റിലീസ് – 939
പെൺസിനിമകൾ – 13
ഭാഷ | അറബിക്, ഫ്രഞ്ച് |
സംവിധാനം | Nadine Labaki |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ലെബനീസ് ചിത്രങ്ങളിൽ ഏറ്റവും ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് കാരമൽ. രോമം കളയുന്നതിനുള്ള വാക്സ് ആണ് കാരമൽ. പഞ്ചസാരയും നാരങ്ങാനീരുമെല്ലാം ചേർത്തുരുക്കി കിട്ടുന്ന മിശ്രിതം. മധുരവും പുളിപ്പും നിറഞ്ഞ ജീവിതത്തിന്റെ പ്രതീകം. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൂന്ന് പെൺകുട്ടികൾ. അതിൽ ഒരാൾ വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ. ആ ബന്ധം എത്രനാൾ പോകുമെന്ന് ഒരു ഊഹവുമില്ല. മറ്റൊരാളുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ വിവാഹ ജീവിതം വിജയകരമാകാൻ അവൾക്ക് മുന്നിൽ ഒരു കടമ്പയുണ്ട്. മൂന്നാമത്തവൾക്ക് ഇഷ്ടം സ്ത്രീകളെത്തന്നെ, ഒരുപക്ഷേ മൂവരിൽ മനസിലാക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഇവളെയാകും.
സംവിധായികയായ നദീൻ ലബാക്കി തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു, എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പിടി സ്ത്രീകളുടെ കഥയാണ്. ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ, പക്ഷേ എല്ലാവരുടെയും ജീവിതം ഇടകലർന്നിരിക്കുന്നു. പ്രശ്നങ്ങൾ അവർ പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തിൽ തരണം ചെയ്യുന്നു.
യുദ്ധകലുഷിതമായ ലെബണനിൽനിന്ന് രാഷ്ട്രീയവും കലാപവും ചർച്ച ചെയ്യാത്ത സാധാരണക്കാരുടെ കുഞ്ഞു ജീവിതങ്ങളെ സിനിമ തൊട്ടു പോകുന്നു. സ്ത്രീകളുടെ ചിന്തകളും മനോവ്യഥകളും മനസിലൊരു വിങ്ങലുണ്ടാക്കും വിധം ചിത്രീകരിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞു. മനസ്സിൽ തൊടുന്ന സംഗീതവും മറ്റൊരു പ്രത്യേകതയാണ്. കലർപ്പില്ലാത്ത സ്ത്രീജീവിതമാണ് സംവിധായിക ആവിഷ്കരിച്ചിരിക്കുന്നത്. സംവിധായിക നദീൻ ലബാക്കിയുടെ 2018ൽ ഇറങ്ങിയ Capernaum എന്ന ചിത്രം iffk യിൽ വൻ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വേർ ഡു വി ഗോ നൗ ആണ് മറ്റൊരു പ്രധാന ചിത്രം.