Tumbbad
തുമ്പാഡ് (2018)

എംസോൺ റിലീസ് – 982

Download

44980 Downloads

IMDb

8.2/10

Movie

N/A

പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ. ഒരു വിധത്തില്‍ പറഞ്ഞാല്‍, പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം. ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍. ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് മാറുന്ന കഥാപാത്രങ്ങളുടെ ആണ്. അതിനായിരുന്നു എന്നും ആരാധകര്‍ കൂടുതല്‍. ഭൂതം, ചാത്തന്‍, ഭീകര രൂപികള്‍ തുടങ്ങി വലിയൊരു ശ്രേണിയില്‍ കാണും കഥാപാത്രങ്ങള്‍. ചിലര്‍ക്ക് അതില്‍ ആരാധനാ ഭാവവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ആ ഒരു ശ്രേണിയിലേക്ക് വിശ്വസനീയം എന്ന് തോന്നിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന കഥയാണ് Tumbbad എന്ന ചിത്രത്തിനുള്ളത്.

“ഹസ്തര്‍” എന്ന ‘സമൃദ്ധിയുടെ ദേവത”യുടെ ആദ്യ മകനെ കുറിച്ച് ആരും കേള്‍ക്കാന്‍ ഇടയില്ല. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കഥയ്ക്ക്‌ ഉള്ള സാദ്ധ്യതകള്‍ മൂന്നു തലമുറയോളം നീണ്ടു നില്‍ക്കുന്ന കാലഘട്ടത്തിലേക്ക് അവതരിപ്പിച്ചപ്പോള്‍ ആദ്യം പറഞ്ഞ രീതിയില്‍ മികച്ച ഒരു കഥയും സിനിമയും പിറവിയെടുക്കുക ആയിരുന്നു. കഥയിലേക്ക് അധികം പോകാന്‍ ഒന്നും ഇല്ലെങ്കിലും സിനിമയുടെ അവതരണ രീതി ആണ് മികച്ചത്. പ്രത്യേകിച്ചും VFX നു വേണ്ടി സിനിമ എടുക്കുന്ന ഈ കാലത്ത്, ഏച്ചുക്കെട്ടല്‍ ഇല്ലാതെ സിനിമയിലെ സ്വാഭാവികമായ ഒരു രംഗം ആണെന്ന് തന്നെ തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അത്തരം രംഗങ്ങളൊക്കെ.

1920 കളില്‍ ഉള്ള ഇന്ത്യയില്‍ തുടങ്ങി സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ ചെറുതായി അവതരിപ്പിച്ചിട്ടും ഉണ്ട് ചിത്രത്തില്‍. എങ്കിലും നേരത്തെ പറഞ്ഞ കഥകളിലെ മനുഷ്യ ജീവിതത്തില്‍ എന്തായിക്കൂടാ എന്ന രീതിയില്‍ രീതിയില്‍ അവതരിപ്പിച്ച കഥയില്‍ പ്രേക്ഷകന് നല്‍കിയ ഭയവും മറ്റും ആയിരുന്നു മുന്നിട്ടു നിന്നത്. ഹൊറര്‍ എന്നാല്‍ ‘jump scare’ രംഗങ്ങളിലൂടെ മാത്രം വരുത്തേണ്ട ഒന്നല്ല. “Tumbbad” ആ രീതിയില്‍ പ്രേക്ഷകനെ പേടിപ്പിക്കാന്‍ നോക്കുന്നും ഇല്ല. എന്നാല്‍ ഇത്തരം കഥകള്‍ പരിചിതമായ ഒരു സംസ്ക്കാരത്തിലേക്ക് ഇത്തരത്തില്‍ ഒരു കഥ കൂട്ടി ചേര്‍ക്കുമ്പോള്‍ ആ കഥകള്‍ ആദ്യമായി കേള്‍ക്കുമ്പോള്‍ തോന്നിയ അതെ കൗതുകം ഇവിടെയും തോന്നാം. സിനിമയില്‍ മുഴുകി ഇരിക്കുമ്പോള്‍ അവിടെ ചെറുതായി ഭയം വരുകയും ചെയ്യാം. അല്‍പ്പ നേരം ഈ കഥ ഒന്ന് വിശ്വസിക്കണം എന്ന് മാത്രം. അവടെ ആണ് സിനിമയുടെ പിന്നണിയില്‍ ഉള്ളവര്‍ വിജയിച്ചിരിക്കുന്നതും എന്ന് തോന്നുന്നു.

കടപ്പാട് : Rakesh Manoharan Ramaswamy