എം-സോണ് റിലീസ് – 896
വിജയ് ഗോവിന്ദ് ഒരു യുവ കോളേജ് ലക്‌ച്ചററാണ്. ഭാര്യയാവാൻ പോവുന്ന പെൺകുട്ടിയെപ്പറ്റി വിജയ്ക്ക് ഒരുപാട് സങ്കല്പങ്ങളുണ്ട്. അങ്ങനെ ഒരുനാൾ അതുപോലൊരു പെൺകുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവളോടുത്തുള്ള സന്തോഷകരമായ ജീവിതവുമെല്ലാം അവൻ സ്വപ്നം കാണുന്നു. സ്വപ്‍നം യാഥാർത്ഥ്യമാവുകയാണോ എന്ന പോലെ ആ പെൺകുട്ടിയെ (ഗീത) അവൻ നേരിൽ കാണാനിടയാവുകയാണ്.
തന്റെ അനിയത്തിയുടെ കല്ല്യാണനിശ്ചയത്തിനായി നാട്ടിലേക്ക് പോവുന്ന ബസ്സിൽ അവൾ അവന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ വന്നിരിക്കുന്നു. ഇക്കാര്യമെല്ലാം കൂട്ടുകാരനെ വിളിച്ചറിയിക്കുമ്പോൾ, അവൾക്ക് അവനോട് പ്രണയമുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും പറയുന്നു. അങ്ങനെ കൂട്ടുകാരന്റെ വാക്ക് കേട്ട് ഉറങ്ങുകയായിരുന്ന ഗീതയെ ഉമ്മ വെക്കാൻ ശ്രമിക്കുന്നു. അവസാന നിമിഷം താൻ ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി അവളുടെ കൂടെയൊരു സെൽഫി എടുക്കാൻ നോക്കുന്ന നേരത്ത് ബസ്സ് ഗട്ടറിൽ വീഴുകയും അബദ്ധവശാൽ വിജയ് അവളെ ഉമ്മ വെക്കുകയും ചെയ്യുന്നു.
ഗീതക്ക് അതുവരെ അവനോട് തോന്നിയ മതിപ്പെല്ലാം തന്നെ അതോടെ ഇല്ലാതാവുകയാണ്. നടന്ന കാര്യം ഗീത അവളുടെ ചേട്ടനെ വിളിച്ചറിയിക്കുന്നു. രാവിലെ ബസ്സ് നാട്ടിലെത്തുന്ന നേരം വിജയുടെ വിധി ഗീതയുടെ ചേട്ടന്റെ കൈയ്യിൽ. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും അതൊന്നും ഗീതയുടെ അടുത്ത് വില പോവുന്നില്ല. അങ്ങനെ നാട്ടിലെത്തും മുൻപ് വിജയ് ബസ്സിൽ നിന്നും ചാടി രക്ഷപ്പെടുന്നു.
വിജയുടെ കഷ്ടകാലം അവിടം കൊണ്ട് തീരുന്നില്ല. തന്റെ അനിയത്തിയുടെ ഭർത്താവാകാൻ പോവുന്നയാൾ ഗീതയുടെ ചേട്ടനാണെന്ന വിവരം അന്നുതന്നെ അറിയുന്ന വിജയ്ക്ക് ഇനിയെന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. തന്റെ പെങ്ങളോട് മോശമായി പെരുമാറിയവനെ ഗീതയുടെ ചേട്ടൻ കണ്ടെത്തുമോ? ഗീതക്ക് വിജയ് യോടുള്ള വെറുപ്പ് മാറുമോ? വിജയ്ക്ക് ഗീതയോടുള്ള ഇഷ്ടത്തിന് എന്ത് സംഭവിക്കും? ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ ചിത്രത്തിന്റെ ബാക്കി കഥ.
വിജയ് ഗോവിന്ദ്, ഗീത എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയുമാണ്. പരശുറാം സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി.