എം-സോണ്‍ റിലീസ് – 247
ഭാഷ | മാൻഡറിൻ |
സംവിധാനം | Jean-Jacques Annaud |
പരിഭാഷ | പ്രമോദ് കുമാർ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
സാംസ്കാരികവിപ്ലവകാലത്തെ ചൈനയിലെ കഥ പറയുന്ന ഫ്രഞ്ച് സംവിധായകൻ ഷോൻ ഷാക് അനൗന്റെ ചിത്രമാണ് വൂൾഫ് ടോട്ടം. 1967ൽ ബെയ്ജിങ്ങിൽ വിദ്യാർഥിയായ ചെൻ ഷെന്നിനെ മംഗോളിയയിലെ ഉൾപ്രദേശങ്ങളിലൊരിടത്തു നാടോടികളായ ആട്ടിടയൻമാരുടെ ഗോത്രത്തെ പഠിപ്പിക്കാനായി വിടുന്നു. എന്നാൽ പഠിക്കാനുള്ളത് ഷെന്നിനായിരുന്നു. കഠിനകാലാവസ്ഥയും പ്രതികൂലസാഹചര്യങ്ങളുള്ള വന്യമായതെങ്കിലും അപാരമനോഹരമായ ആ മലമ്പ്രദേശത്ത് എങ്ങനെ അതിജീവിക്കാനാവുമെന്നത്, അവിടെ സമുദായ ജീവിതമെങ്ങനെയെന്ന്, സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമെന്താണെന്ന് അയാൾ പഠിക്കുന്നു. ആ പ്രദേശത്തിന്റെ മറ്റൊരു ഭയാനകമായ ആകർഷണം ചെന്നായ്ക്കളായിരുന്നു. ചെന്നായ്ക്കളും ആട്ടിടയൻമാരും തമ്മിൽ ഭയപൂർണവും നിഗൂഢമായ ബന്ധമുണ്ടായിരുന്നു. അത് ഷെന്നിനെ ആകർഷിച്ചു. ചെന്നായ്ക്കളുടെ ഭീതിദമായ സൗന്ദര്യവും വന്യമായ കരുത്തും മൃഗീയവാസനകളും കണ്ട് ഭ്രമിച്ച ഷെൻ ഒരു ചെന്നായ്ക്കുട്ടിയെ ഇണക്കിവളർത്താൻ ശ്രമം തുടങ്ങി. പ്രദേശത്തിന്റെ നിഗൂഢമായ സൗന്ദര്യവും കൂടിയായപ്പോൾ, മനുഷ്യനും മൃഗവും തമ്മിൽ അസാധാരണമമായ ഒരു ബന്ധം ഉടലെടുത്തു. ഈ സമയമാണു കമ്യൂണിസ്റ്റ് ഭരണകൂടം മേഖലയിലെ മുഴുവൻ ചെന്നായ്ക്കളെയും കൊന്നൊടുക്കാൻ ഉത്തരവിടുന്നത്.
സിനിമയ്ക്കുവേണ്ടി മൂന്നു മൃഗശാലകളിൽനിന്നും ചെന്നായ്ക്കളെ സംഘടിപ്പിച്ചു. അവർക്കു വർഷങ്ങൾ നീണ്ട പരിശീലനവും നൽകി. ഈ സിനിമ ഭാഗികമായി ചൈനയിലെ വന്യജീവിതത്തിന്റെ ഡോക്യൂമെന്ററിയും മറുപാതി സാംസ്കാരികവിപ്ലവത്തിന്റെ വിശകലനവും. ചൈനയിലെ ഭൂരിപക്ഷമായ ഹാൻ വംശജരെ പരോക്ഷമായി വിമർശിക്കുന്നതിനൊപ്പം രാജ്യത്തെ വംശീയന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നതാണു സിനിമ. വൂൾഫ് ടോട്ടം ഈ വർഷം ഓസ്കറിൽ വിദേശചിത്ര വിഭാഗത്തിൽ ചൈനയുടെ ഔദ്യോഗിക എൻട്രിയാണ്. സാംസ്കാരികവിപ്ലവകാലത്തിനറെ മുറിവുകൾ ഉണക്കാൻ ചൈനയിലെ പുതിയ ഭരണകൂടം നടത്തുന്ന ശ്രദ്ധപൂർവമായ ശ്രമമാണു സിനിമയ്ക്കു ലഭിച്ച പിന്തുണയ്ക്കു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.