എം-സോണ്‍ റിലീസ് – 265
ഭാഷ | കുർദിഷ് |
സംവിധാനം | Shawkat Amin Korki |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | കോമഡി, ഡ്രാമ, ഹിസ്റ്ററി |
സദ്ദാം ഭരണത്തിന് കീഴില്‍ കുര്‍ദ്ദ് ജനതക്കെതിരില്‍ അരങ്ങേറിയ വംശീയോന്മൂലന പ്രക്രിയയില്‍ ഏറ്റവും ഭീകരമായതായിരുന്നു 1986 മുതല്‍ 1988 വരെ അലി ഹസ്സന് അല്‍ മജീദി (‘കെമിക്കല്‍ അലി’)യുടെ നേതൃത്വത്തില്‍ നടന്ന ‘അന്‍ഫാല്‍ കാംപെയ്ന്’ എന്നറിയപ്പെട്ട കൂട്ടക്കുരുതികള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 1,80,000—ല്‍ പരം പേര് കൊല്ലപ്പെടുകയും 4500-റോളം കുര്‍ദ്ദ് ഗ്രാമങ്ങളും 31-ഓളം അസ്സീറിയന്‍ ഗ്രാമങ്ങളും ചുട്ടെരിക്കപ്പെടുകയും ചെയ്തു.
ഈ സംഭവങ്ങളെ ആസ്പദമാക്കിഒരു ചലച്ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ബാല്യകാല സുഹൃത്തുക്കളായ ഹുസൈനും അല്ലനും നേരിടുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഒരേ സമയം വംശീയനുഭാവത്തിന്റെ ഭീകരതയും ഒരു ഫണ്ടമെന്റലിസ്റ്റ് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ കാര്‍ക്കശ്യങ്ങളും ഒരു വശത്തും ചലച്ചിത്ര നിര്‍മ്മാണത്തിനോ പ്രദര്‍ശനത്തിനോ ഒരു നിലക്കും സഹായകമല്ലാത്ത സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളുടെ പ്രയാസങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്നു. എന്നാല്‍ കലാ സൃഷ്ടിയുടെ വിളി വന്നെപെട്ടവന് വേറെ വഴിയില്ല, അയാള്‍ക്കൊന്നും തടസ്സവുമല്ല, സ്വന്തം ജീവന് നേരെയുള്ള ഭീഷണി പോലും. കുടുംബത്തിന്റെയും പ്രതിശ്രുത വരന്റെയും വിലക്കുകള്‍ പോലും മറികടന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു കുലീന യുവതി എന്തുകൊണ്ടാവാം തയ്യാറാവുന്നത്?
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയെടുത്ത ചിത്രം ഇറാന്- കുര്‍ദിസ്ഥാന്‍ സഹ സംരംഭം എന്ന നിലയിലും അപൂര്‍വ്വതയാണ്.