എം-സോണ്‍ റിലീസ് – 467
ഭാഷ | സ്പാനിഷ്, പോർച്ചുഗീസ് |
സംവിധാനം | Ciro Guerra |
പരിഭാഷ | നന്ദലാൽ .ആർ |
ജോണർ | അഡ്വഞ്ചർ, ഡ്രാമ |
ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതം ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുമ്പുള്ള കഥപറഞ്ഞ് പ്രേക്ഷകന് പൂർണ സംവേദനാത്മകത പകർന്നു നൽകുകയാണ് കൊളംബിയൻ സംവിധായകനായ സിറോ ഗുവേര തന്റെ എംബ്രേസ് ഓഫ് സർപന്റ് എന്ന ചിത്രത്തിലൂടെ.
കൊളോണിയൽ കാലത്തെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ഫലമായി വടക്കേ അമേരിക്കയിൽ കരനിഴൽ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ചിരിക്കുകയാണ് ഈ ചിത്രം. ആമസോൺ നദി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ ജീവിതം വിഷയമാകുന്ന എംബ്രേസ് ഓഫ് സർപന്റ് ഒരു കാലഘട്ടത്തെ തീവ്രമായി അടയാളപ്പെടുത്തുകയും കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാരമാകറ്റേ ആമസോൺകാരനായ മന്ത്രവാദിയാണ്. തന്റെ വംശത്തിലെ അവസാന കണ്ണി കൂടിയാണദ്ദേഹം. കാരമാകറ്റേയുടെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിൽ നിർണ്ണായക സാന്നിധ്യമായി മാറുന്ന ആമസോണിലെത്തുന്ന ശാസ്ത്രജ്ഞന്മാരോട് ഇഴചേരുന്നതാണ് ആ ജീവിതം. മനസ്സിനും ശരീരത്തിനും ആനന്ദവും ഉന്മാദവും പകരുന്ന കണ്ടെത്താൻ ഏറെ പ്രയാസമുള്ള യാക്കുരാനാ ചെടിയന്വേഷിച്ച് കൊളംബിയൻ ആമസോൺ വനങ്ങളിലൂടെയുള്ള യാത്ര കൂടിയാണ് ചിത്രം. ആമസോൺ നദിയുടെ വന്യതയും സൗന്ദര്യവും ചിത്രം ആകർഷകമായി പകർത്തിവെയ്ക്കാനും ചിത്രത്തിനാകുന്നു.