എം-സോണ്‍ റിലീസ് – 700
ഭാഷ | സ്പാനിഷ് |
സംവിധാനം | Alejandro G. Iñárritu |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഡ്രാമ |
പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് മൂലമുണ്ടാകുന്ന നൂലാമാലകൾക്കും പ്രാമുഖ്യം നൽകുമ്പോൾ തകരുന്നത് പലരുടെയും പ്രതീക്ഷകളും, സ്വപ്നങ്ങളുമാണ്. ആട് മേച്ചു ജീവിതം പോറ്റുന്ന ഒരു മൊറോക്കൻ കുടുംബം, മൊറോക്കോയിൽ അവധിയെടുത്ത് സഞ്ചാരത്തിനെത്തുന്ന അമേരിക്കൻ ദമ്പതികൾ, അവരുടെ അമേരിക്കൻ ഗൃഹത്തിൽ അവരുടെ മക്കൾക്ക് കൂട്ടായി നിൽക്കുന്ന ഒരു മെക്സിക്കൻ ആയ, ലോകത്തിന്റെ മറുപുറത്ത് -ജപ്പാനിൽ- അടുത്തിടെ അമ്മയെ നഷ്ടപ്പെട്ട ബധിരയും ഊമയുയായ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും – ഈ കഥാപാത്രങ്ങളിലൂടെ നിയമവ്യവസ്ഥയിലെ മനുഷ്യത്വരഹിതമായ പല അധ്യായങ്ങളും, കാപട്യങ്ങളും, വൈരുധ്യങ്ങളും വിമർശനവിധേയമാക്കി സംവിധായകൻ ഇനാരേറ്റു നമുക്ക് മുന്നിൽ നിരത്തുന്നുണ്ട്.
വമ്പൻ താരനിര, മികച്ച സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരവും, മികച്ച സംഗീതത്തിനുള്ള അക്കാദമി അവാർഡും നേടിയ ചിത്രം.