എം-സോണ്‍ റിലീസ് – 482
ഭാഷ | അറബിക് |
സംവിധാനം | Mohamed Diab |
പരിഭാഷ | ഹിഷാം അഷ്റഫ് |
ജോണർ | ഡ്രാമ, വാർ, ത്രില്ലർ |
മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഡ്രാമ-ത്രില്ലറാണ് ‘ക്ലാഷ്’. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെല്ലി കരീം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
2012 ല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെടുകയുണ്ടായി. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം കത്തിപ്പടരാന്‍ തുടങ്ങി. മുർസി അനുകൂലികൾ ആയ മുസ്ലിം ബ്രദർഹുഡ് സംഘടന അനുയായികളും മുർസി വിരോധികളും തെരുവുകളിൽ ഏറ്റുമുട്ടി. പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ പോലീസും പട്ടാളവും ഒപ്പം കൂടി. അന്നേ ദിവസം പട്ടാളത്തിനെ അനുകൂലിച്ച് പ്രക്ഷോഭം നടത്തുന്ന കുറച്ച് ആളുകളും, ഒരു കൂട്ടം മുസ്ലിം ബ്രദർഹുഡ്അനുയായികളും രണ്ട് മാദ്ധ്യമപ്രവർത്തകരും ഒരു പോലീസുകാരനും അടക്കം വിരുദ്ധ രാഷ്ട്രീയചേരികളില്‍ ഉള്‍പ്പെടുന്ന കുറച്ച് മനുഷ്യർ 8 മീറ്റർ മാത്രം നീളമുള്ള ഒരു പോലീസ് ട്രക്കിൽ അകപ്പെടുന്നതാണ് ക്ലാഷിന്‍റെ പ്രമേയം. ഈ ക്ലാഷിലെ ഒരു ദിവസത്തേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ആയിട്ട് കൂടി ആരുടെയും പക്ഷം ചേരുന്നില്ല എന്നതാണ് ക്ലാഷിന്‍റെ ഏറ്റവും വലിയ സവിശേഷത. വിരുദ്ധ ചേരികളിൽ നിൽക്കുന്ന ആളുകൾ പൊതുവായ ഒരു പ്രശ്നത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചിത്രം ചര്‍ച്ച ചെയ്യുന്നു. Carthage ഫിലിം ഫെസ്റ്റിവലിന്റെ നാല് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. Cannes ഫിലിം ഫെസ്റ്റിവലിന്റെ നോമിനെഷനും ലഭിച്ച ചിത്രം, IFFK – 2016 ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.