എം-സോണ്‍ റിലീസ് – 1091
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ron Howard |
പരിഭാഷ | ഗായത്രി മാടമ്പി |
ജോണർ | ബയോഗ്രഫി, ഡ്രാമ |
നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്‍റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്‍റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് നാഷ് കഷ്ടതകൾ അനുഭവിക്കുന്നു.എങ്കിലും അതെല്ലാം തരണം ചെയ്ത് അദ്ദേഹം 1994ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയപ്പോൾ അതൊരു ഭൗതിക വിജയം എന്നതിലുപരി വ്യക്തിഗത വിജയമായിരുന്നു.
ഏത് പ്രതികൂല അവസ്ഥയിലും കൂടെ നിൽക്കാനും പ്രതീക്ഷ തരാനും ഒരാളുണ്ടെങ്കിൽ ഏത് മാറാരോഗത്തെയും തോല്പിക്കാനും ജീവിതത്തിൽ വിജയിച്ചു മുന്നേറാനും കഴിയും. ഒരു കൈത്താങ്ങായി കൂടെ നിന്ന അദേഹത്തിന്‍റെ ഭാര്യയായ അലീഷ്യയുടെയും കഥയാണിത്. റസ്സൽ ക്രോ ആണ് ജോൺ നാഷ് ആയി അഭിനയിച്ചിരിക്കുന്നത്. അലീഷ്യയായി ജെന്നിഫർ കോണെല്ലിയും.
ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ആക്ട്രസ്സ്, ബെസ്റ്റ് ഡയറക്ടർ എന്നിങ്ങനെ പല കാറ്റഗറിയിലായി ഓസ്കാർ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ എ ബ്യൂട്ടിഫുൾ മൈൻഡ് വാരി കൂട്ടി. ഇൻസ്പിറേഷണൽ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകരെ പൂർണമായും ഈ സിനിമ സംതൃപ്തിപെടുത്തും.