എം-സോണ്‍ റിലീസ് – 171
ഭാഷ | പോളിഷ് |
സംവിധാനം | Krzysztof Kieslowski |
പരിഭാഷ | പ്രമോദ് കുമാര്‍ |
ജോണർ | ഡ്രാമ |
ജീവിതത്തെ നിർണ്ണയിക്കുന്നതെന്താണ്? ഈശ്വരനാണോ? മറ്റൊരു പേരിൽ വിളിക്കുന്ന വിധിയോ? നമ്മുടെയൊക്കെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ യാദൃച്ഛികത വഹിക്കുന്ന പങ്കിനെക്കുറിച്ച് ആരെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? നമ്മുടെ ജനനം തന്നെ ഈ യാദൃച്ഛികതയിൽ നിന്നും ആരംഭിക്കുന്നതല്ലേ? അണ്ഡത്തിലേക്കു കുതിക്കുന്ന കോടിക്കണക്കിനു ബീജങ്ങളിൽ അതിജീവിച്ച ഒന്നാണു നാം. മറ്റൊന്നായിരുന്നെങ്കിലോ? നാം ചേർന്ന വിദ്യാലയം മറ്റൊന്നായിരുന്നെങ്കിൽ, നമുക്കു പഠിക്കാൻ കിട്ടിയ വിഷയം മറ്റൊന്നായിരുന്നെങ്കിൽ, ഇങ്ങനെ പല പല ‘എങ്കിലുകൾ’ നമ്മുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കും? ചെറിയൊരു സംഭവം ഏതെല്ലാം തലത്തിൽ ജീവിതത്തെ നിർണ്ണയിക്കുന്നു എന്ന വലിയൊരു പാഠമാണ് കീസ്ലോവ്സ്കിയുടെ ബ്ലൈന്റ് ചാൻസ് മുന്നോട്ടു വെക്കുന്നത്. വിറ്റെക് എന്ന മെഡിക്കൽ വിദ്യാർഥി വാർസോയിലേക്കുള്ള തീവണ്ടി പിടിക്കാനായി ഓടുന്നു. അതി സാഹസികമായി അതിൽ കയറിപ്പറ്റിയ വിറ്റെക് തീവണ്ടിയിൽ വെച്ചു പരിചയപ്പെട്ട വെർണർ എന്ന പഴയ കമ്മ്യൂണിസ്റ്റുകാരന്റെ സ്വാധീനത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തകനായി മാറി ഒരു ജീവിതം നയിക്കുന്നു. രണ്ടാമതും നാം വിറ്റെക്കിനെ തീവണ്ടി പിടിക്കാനുള്ള ഓട്ടത്തിൽ കാണുന്നു. ഓട്ടത്തിനിടയിൽ കൂട്ടിമുട്ടിയ ഗാർഡിനോട് ക്ഷമ പോലും ചോദിക്കാതെയാണ് തിടുക്കപ്പെട്ടുള്ള ഓട്ടം. അവന് തീവണ്ടി കിട്ടിയില്ല. അപമര്യാദയ്ക്ക് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു വിറ്റെക്ക്. ഒരു കമ്മ്യൂണിസ്റ്റ് വിമതനായി അയാളുടെ പിന്നീടുള്ള ജീവിതം മാറുകയാണ്. ഇതേ തീവണ്ടി പിടിക്കാനുള്ള ഓട്ടവും സ്റ്റേഷനിലെ സംഭവങ്ങളും വീണ്ടും മറ്റൊരു വിധത്തിൽ ആവർത്തിക്കുന്നു. ഇങ്ങനെ വിറ്റെക്കിന്റെ മൂന്നു ജീവിതങ്ങൾ നാം കാണുന്നു. ഇതിലേതാണ് വിറ്റെക്കിന്റെ ജീവിതം? വിറ്റെക്കിന്റെ മാത്രമല്ല നമ്മുടെ ജീവിതവും ഇത്തരം അന്ധസാധ്യതകളുടെ ഉൽപ്പന്നം മാത്രമാണെന്ന വലിയ ഉൾക്കാഴ്ച നൽകുന്നു ബ്ലൈന്റ് ചാൻസ്. പോളിഷ് സിനിമയിലെ മാസ്റ്റർ പീസ് എന്ന് മാർട്ടിൻ സ്കൊർസീസെ വിശേഷിപ്പിച്ച ഈ സിനിമ 1981 ൽ ചിത്രീകരിക്കപ്പെട്ടെങ്കിലും 1987ലാണ് അധികാരികൾ പ്രദർശനാനുമതി നൽകിയത്.