എം-സോണ്‍ റിലീസ് – 1044
BEST OF IFFK 2018 – 5
ഭാഷ | അറബിക് |
സംവിധാനം | Nadine Labaki |
പരിഭാഷ | നബീൽ ഹസ്സൻ |
ജോണർ | ഡ്രാമ |
ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും അവക്കെല്ലാം ഐഡന്റിറ്റി ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും അവക്കു പ്രേക്ഷകനെ സ്വാധീനിക്കാൻ കഴിയുന്നു എന്നതും തിരക്കഥയുടെ ശക്തി തന്നെയാണ് കാണിക്കുന്നത്. ഇടക്ക് റാഹിലയുടെ കുഞ്ഞുമായി സെയിൻ പരിചയപ്പെടുന്ന രണ്ടു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി പോലും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ബുദ്ധിപൂർവ്വമുള്ള എഡിറ്റിങ്ങും സന്ദർഭത്തിനൊത്തുള്ള മ്യൂസിക്കും ക്യാപെർനാമിനെ ഒരു പെർഫെക്ട് സിനിമയാക്കുന്നു.
“മൂപ്പ് എത്താൻ പെൺകുട്ടി എന്താ തക്കാളിയാണോ” എന്ന് സിനിമയിലെ നായകനായ 12 വയസുകാരൻ സെയിൻ അക്രോശിക്കുന്നുണ്ട്. തന്റെ സഹോദരിയെ ചെറുപ്രായത്തിൽ തന്നെ മറ്റൊരുവന്റെ കൂടെ വിടുന്നത് തടയാകാതെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്ന സെയിൻ ചെന്നെത്തുന്നത് മതിയായ പെർമിറ്റുകൾ ഇല്ലാതെ ജോലി നോക്കുന്ന റാഹില എന്ന എത്യോപ്പ്യൻ യുവതിയുടെ അടുക്കലാണ്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സ്വന്തം മകനെപ്പോലും മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചു വളർത്തുന്ന ഒരുവളാണ് റാഹില. ഒരുനാൾ പിടിക്കപ്പെടുന്ന അവരുടെയും സെയിൻറെയും ജീവിതമാണ് സിനിമയിൽ പിന്നീട്ട് കാണിക്കുന്നത്. അതിശക്തമായ, മനോഹരമായ, ചലച്ചിത്രമേളയുടെ സുവർണലിപികളിൽ എഴുതേണ്ട സിനിമ.
എഴുത്ത് : ഹേമന്ദ്