എം-സോണ്‍ റിലീസ് – 1123
ക്ലാസിക് ജൂൺ 2019 – 03
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Claude Berri |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
സൈനിക സേവനം കഴിഞ്ഞ് തന്റെ ഗ്രാമത്തിൽ തിരികെയെത്തിയ ഉഗോളിൻ സുബേയ്റന്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു. തന്റെ അമ്മാവനടക്കമുള്ള മുൻഗാമികൾ ചെയ്ത് പോന്നിരുന്ന പഴ-പച്ചക്കറി കൃഷികളിൽ നിന്നും വിഭിന്നമായി പൂ കൃഷി ചെയ്യുക. തനിക്ക് ആകെയുള്ള ബന്ധുവും തന്റെ സമ്പത്തിന് അവകാശിയുമായ അനന്തരവനെ എങ്ങനെയും സഹായിക്കാൻ അമ്മാവൻ സിസാർ ഒരുക്കമായിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കൃഷിയ്ക്ക് അത്യാവശ്യമായി വേണ്ട വെള്ളത്തിന്റെ അപര്യാപ്തത അവർക്ക് ഒരു വലിയ വെല്ലുവിളിയായി. അതിന് പരിഹാരം കണ്ടെത്താനായി തൊട്ടടുത്ത് വറ്റാത്ത ഉറവയുള്ള ഒരു സ്ഥലം അവർ വാങ്ങിക്കാൻ തീരുമാനിക്കുന്നു. എന്നാൽ സിസാറുമായി അത്ര രസത്തിലല്ലാത്ത ബൊഫീഗെ ഒരു തരത്തിലും തന്റെ സ്ഥലം അവർക്ക് വിൽക്കാൻ ഒരുക്കമായിരുന്നില്ല. തുടർന്ന് ആ സ്ഥലവും ഉറവയും സ്വന്തമാക്കാൻ സിസാറും ഉഗോളിനും പല തന്ത്രങ്ങളുമൊരുക്കുന്നു.
1986ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ ‘ഷോൺ ദെ ഫ്ലോറെറ്റ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്ലോഡ് ബെറിയാണ്. ജെറാർഡ് ഡെപർഡ്യൂ, ഡാനിയൽ ഒട്ടീൽ, വെസ് മൊണ്ടാന്റ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി. ഈ ചിത്രത്തിന്റെ വിജയം ഇതിൽ ചിത്രീകരിച്ച പ്രൊവെൻസ് പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുവാൻ കാരണമായി.