എം-സോണ് റിലീസ് – 2576
MSONE GOLD RELEASE
ഭാഷ | തമിഴ് |
സംവിധാനം | Mari Selvaraj |
പരിഭാഷ | ഷൈജു എസ് |
ജോണർ | ആക്ഷൻ, ഡ്രാമ |
കർണൻ പൊരുതി തോറ്റവന്റെ കഥയല്ല. താനടക്കമുള്ള മർദ്ദിത വർഗ ജനതക്കായി പോരാട്ടത്തിനിറങ്ങിയവന്റെ കഥയാണ്. ഭയത്താൽ സവർണർക്ക് മുന്നിൽ തലകുനിഞ്ഞ് മാത്രം ജീവിച്ച തലമുറകളിൽ നിന്ന് നിവർന്ന് നിൽക്കാൻ പഠിപ്പിച്ചവന്റെ കഥയാണ്.
പൊട്ടിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട സമരവും അനുബന്ധ സംഭവങ്ങളുമാണ് കർണനിലൂടെ പറയുന്നത്. സ്വന്തം നാട്ടിൽ ബസ്സ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ തൊട്ടടുത്ത നാട്ടിലെ ബസ്സ് സ്റ്റോപ്പിലേക്ക് പോവാൻ വിധിക്കപ്പെട്ടവരാണ് പൊടിയങ്കുളം നിവാസികൾ. അവിടുള്ളവരുടെ ഉപദ്രവങ്ങളും കളിയാക്കലുകളും നിരന്തരം അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും മേൽജാതിക്കാരോടുള ഭയമെന്ന വികാരം അവരെ പ്രതികരിക്കുന്നതിൽ നിന്നും തടുക്കുകയാണ്. എന്നാൽ ഒരു നാൾ നിർത്താതെ പോയ ബസ്സിന് നേരെ ഒരു പയ്യൻ എറിയുന്ന കല്ല് ബസ്സിന്റെ ചില്ല് മാത്രമല്ല ആ ഗ്രാമത്തെ മുഴുവനായി ഉടച്ചു കളയാൻ കാരണമാവുകയാണ്.
ബസ്സ് തകർത്തതിനാണോ അവർ അടിച്ചത്? അല്ല, നിവർന്ന് നിന്നതിനാ അടിച്ചത്. നേരെ നോക്കി സംസാരിച്ചതിനാ അടിച്ചത്. മാടസാമിയുടെ മകന് ദുര്യോധനനെന്ന പേരോ? എന്ന് ചോദിച്ചാ അടിച്ചത്. പോലീസുകാരുടെ ക്രൂര പീഡകൾ ഏറ്റ് വാങ്ങേണ്ടി വന്ന ഗ്രാമത്തലവന്റെ വാക്കുകളാണിവ. എന്നാൽ എതിർക്കാൻ ശേഷിയില്ലാതെ ഭയന്നോടാൻ നിൽക്കുന്നവരോട്; ഈ തലമുറയെ അതിന് കിട്ടില്ല, ഞങ്ങൾ നിവർന്ന് നിന്ന് നോക്കിക്കഴിഞ്ഞു, ഇനി ഈ ജന്മത്തിൽ കുനിഞ്ഞു നിൽക്കാൻ കഴിയില്ല, ആര് വന്നാലും പോരാടാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞ് കർണൻ മുന്നോട്ട് വരുമ്പോൾ ആ ഗ്രാമം മുഴുവൻ കൂടെ നിൽക്കുകയാണ്.
പരിയേറും പെരുമാൾ എന്ന തന്റെ ആദ്യ ചിത്രത്തിലേത് പോലെ തന്നെ താൻ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം വളരെ വ്യക്തമായി തന്നെ യുവ സംവിധായകൻ മാരി സെൽവരാജ് കർണനിലൂടെ പറയുന്നുണ്ട്.