എം-സോണ് റിലീസ് – 1413
ഹിന്ദി ഹഫ്ത – 6

ഭാഷ | ഹിന്ദി |
സംവിധാനം | Abhishek Chaubey |
പരിഭാഷ | ഷാരുൺ പി. എസ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഇൻസ്പെക്ടർ വീരേന്ദർ സിംഗ് പുറകെ തന്നെയുണ്ട്. കൂടാതെ മാൻ സിംഗിനും സംഘത്തിനും ഭീഷണിയായി മറ്റു കൊള്ളസംഘങ്ങളും. വീരേന്ദർ സിംഗിന് മാൻ സിംഗിനോടും സംഘത്തോടുമുള്ള അമർഷം പക്ഷേ വ്യക്തിപരമാണ്. അത് പോലെ മാൻ സിംഗിനെയും സംഘത്തെയും വിടാതെ പിന്തുടരുന്ന ഒരു ശാപമുണ്ട്, ഒരു അഞ്ചു വയസ്സുകാരിയുടെ ശാപം.
ആദ്യപകുതിയിലെ ചില സംഭവങ്ങൾക്ക് ശേഷം സംഘത്തിലെ അംഗങ്ങളായ ലഖ്നയും വക്കീൽ സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്. മാർഗമധ്യേ ക്രൂരപീഡനത്തിനിരയായ 12 വയസുകാരിയെയും കൊണ്ട് ഇന്ദുമതിയും അവരോടൊപ്പം ചേരുന്നതോടെ കഥ കൂടുതൽ സങ്കീർണമാവുകയാണ്. തുടർന്നങ്ങോട്ട് ചിത്രം കൂടുതൽ ത്രില്ലർ സ്വഭാവം കാണിച്ച് തുടങ്ങുന്നു.
മനോജ് ബാജ്പേയ്,സുഷാന്ത് സിംഗ് രജ്പുത്, രൺവീർ ഷോറെ, ഭൂമി പടനേകർ തുടങ്ങിയവരുടെ പ്രകടനം മികച്ചതാണ്. 1970-കളിലെ ചമ്പലിന്റെ രാഷ്ട്രീയ സാഹചര്യം ഭംഗിയായി അഭിഷേക് ചൗബേ പകർത്തിയിട്ടുണ്ട്. മുൻനിര സംവിധായകരിലൊരാളായ വിശാൽ ഭരദ്വാജ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രമുഖ ചലചിത്ര നിരൂപകരായ രാജീവ് മസന്ത്, അനുപമ ചോപ്ര തുടങ്ങിയവർ 2019 ലെ മികച്ച 5 ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത് സോൻചിരിയയെ ആണ്.