എം-സോണ്‍ റിലീസ് – 194
ഭാഷ | ഫ്രഞ്ച് |
സംവിധാനം | François Truffaut |
പരിഭാഷ | അരുണ്‍ ജോർജ് ആന്റണി |
ജോണർ | ക്രൈം, ഡ്രാമ. |
ഫ്രഞ്ച് നവതരംഗ കാലത്ത് പുറത്തുവന്ന ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഫ്രാന്‍സ്വാ റോലണ്ട് ട്രൂഫൊ സംവിധാനം ചെയ്ത 400 ബ്ലോസ്. 1959ല്‍ പുറത്തുവന്ന ചിത്രത്തിന് ലഭിച്ച വാണിജ്യവിജയവും നിരൂപക പ്രശംസയും ഫ്രഞ്ച് നവതരംഗ സിനിമയെ ഒരു മൂവ്മെന്റ് എന്ന രീതിയില്‍ സമാരംഭിക്കാന്‍ സഹായിച്ചു. അതുകൊണ്ട് തന്നെ ചരിത്രപരമായും വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന സിനിമയാണ് 400 ബ്ലോസ്.
ചിത്രത്തില്‍, സമൂഹം പ്രശ്നക്കാരനായി മുദ്രകുത്തിയ ആന്റ്വന്‍ ഡ്വനെല്‍ എന്ന കൌമാരക്കാരനായ കുട്ടിയുടെ കഥയാണ് ട്രൂഫോ പറയുന്നത്. സ്കൂളിലും വീട്ടിലും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ആന്റ്വന്‍ വീടുവിട്ടിറങ്ങുകയും ഒരു മോഷ്ടാവാകുകയും ചെയ്യുന്നു. പിന്നീട് ഒരു മോഷണത്തിനിടയില്‍ പിടിയിലാകുന്ന ആന്റ്വനെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുന്നു. ഇവിടെനിന്ന് ആന്റ്വന്‍ ഡ്വനെല്‍ രക്ഷപ്പെടുകയും എപ്പോഴും ആഗ്രഹിച്ചതു പോലെ കടല്‍ കാണുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സിനിമയില്‍ പ്ലോട്ടിനേക്കാള്‍ ശക്തമായി നില്‍ക്കുന്നത് നായകന്റെ ജീവിതത്തെ വളരെ നൈസര്‍ഗികമായി അവതരിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളുമാണ്. യഥാര്‍ത്ഥ ലൊക്കേഷനുകളും നാച്ചുറല്‍ ലൈറ്റിംഗുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിലെ ഫ്രീസ് സൂം ഇന്‍ ഷോട്ട് ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന രംഗമാണ്. ഈ രംഗം നായക കഥാപാത്രത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നു.