എം-സോണ് റിലീസ് – 1336
ഭാഷ | ടർക്കിഷ് |
സംവിധാനം | Mahsun Kırmızıgül |
പരിഭാഷ | അൻസാർ.കെ.യൂനസ് |
ജോണർ | ഡ്രാമ |
ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ അധ്യാപകനാണ് മാഹിർ. സ്കൂൾ പോലുമില്ലാത്ത ആ നാട്ടിലെ നിവാസികളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ അയാൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. ഗ്രാമത്തിലെ തലവന്റെ മകനും, ഏവരുടെയും പരിഹാസങ്ങൾക്ക് ഇരയാകുന്ന വികലാംഗത്വം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുളള അസീസിനെയും അയാൾ വളരെയധികം പരിഗണിക്കുന്നു.
സിനിമ പകരുന്ന കാലഘട്ടത്തെ പട്ടാള അട്ടിമറി എന്ന രാഷ്ട്രീയ സൂചനയിലൂടെ വായിച്ചെടുക്കാൻ അവസരം ലഭിക്കുന്നു. മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു. അസീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ചിലയാളുകൾ കണ്ണിനു പുറമേ ഹൃദയം കൊണ്ടും ലോകത്തെ വീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്, അതുപോലെ ചില സിനിമകൾ ഹൃദയം കൊണ്ടാണ് കാണേണ്ടതും.
കടപ്പാട് : Shaheer Cholassery