എം-സോണ്‍ റിലീസ് – 291
ക്ലാസ്സിക് ജൂൺ 2016 – 09
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Costa-Gavras |
പരിഭാഷ | അനീബ് പി. എ |
ജോണർ | ക്രൈം, ഡ്രാമ, ഹിസ്റ്ററി |
“മുന്തിരി വള്ളിയിലെ പുഴുക്കുത്ത്“
സൈനിക പിന്തുണയോടെ വലതുപക്ഷം ഭരിക്കുന്ന ഗ്രീസില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒരു യുദ്ധ, സൈനിക, ആണവായുധ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉന്നത നേതാവാണ് പരിപാടിയില്‍ സംസാരിക്കേണ്ടത്. വാടകക്ക് എടുത്ത ഹാള്‍, രഹസ്യപോലിസിന്റെ സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുകയും സംഘാടകരെല്ലാം പിന്തുടരപ്പെടുകയും ചെയ്യുന്നു. റാലി നടക്കുന്ന അന്ന് സര്‍ക്കാര്‍, സൈനിക അനുകൂല വലതുപക്ഷ ഗുണ്ടകള്‍ പരിപാടി തടസപ്പെടുത്താനായി എത്തുന്നുണ്ട്. അവര്‍ അണുബോംബിന് വേണ്ടി വാദിക്കുകയും യുദ്ധവിരുദ്ധരെ ആക്രമിക്കുകയും ചെയ്യുന്നു.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതിപക്ഷ നേതാവ് പിക്കപ്പ് ഇടിച്ചു മരിക്കുന്നു. മദ്യപിച്ചു വാഹനമോടിച്ചതിനാലുണ്ടായ അപകടമാണിതെന്നാണ് പോലിസ് റിപോര്‍ട്. എന്നാല്‍, മജിസ്ട്രേറ്റ് ഇതില്‍ സംശയം പ്രകടിപ്പിക്കുന്നു. രാഷട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടും പ്രതിപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പുണ്ടായിട്ടും മജിസ്ട്രേറ്റ് സത്യമാണ് തേടുന്നത്. പോലിസ്, സൈന്യം, വലതുപക്ഷം എന്നിവരുടെ ഗൂഡാലോചന മൂലം നടന്ന കൊലപാതകമാണെന്നാണ് അദ്ദേഹം കണ്ടെത്തുക. ഒരു മാധ്യമപ്രവര്‍ത്തകനും മജിസ്ട്രേറ്റിനെ സഹായിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിരുദ്ധരെയും പ്രതിപക്ഷക്കാരെയും മുന്തിരിവള്ളിയിലെ പുഴുക്കുത്തായാണ് സര്‍ക്കാരും വലതുപക്ഷവും കാണുന്നത്. അതിനാല്‍, പാശ്ചാത്യ ക്രിസ്ത്യന്‍ നാഗരികതക്കെതിരായ രോഗബാധ തടയാനുള്ള നടപടിയായാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. മുന്തിരിവളളിയുടെ പുഴുക്കുത്തിനെയും മനുഷ്യരിലെ പ്രത്യയശാസ്ത്രങ്ങളെയും ഒരു പോലെയാണ് വലതുപക്ഷക്കാര്‍ കാണുന്നത്. ഇടതോ വലതോ ആയ പാര്ടികളൊന്നുമില്ലാത്ത ഒരു ഗ്രീസാണ് അവരുടെ സ്വപ്നം.
1969ല്‍ റിലീസ് ചെയ്ത സിനിമ, അതിന് ആറു കൊല്ലം മുമ്പ് ഗ്രീസില്‍ കൊല്ലപ്പെട്ട പ്രതിപക്ഷ നേതാവായ ഗ്രിഗോറിസ് ലംബാര്ക്കീസിന്റെ ജീവിതവും കൊലപാതകവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ പുറത്ത് വന്നതിന് ശേഷം സംവിധായകന് കോസ്റ്റ ഗവ്രസ്, തിരക്കഥാകൃത്ത്, നടി ഐറീന് പാപാസ്, തുടങ്ങി സിനിമയുമായി സഹകരിച്ച നിരവധി പേരെ സര്‍ക്കാര്‍ അനഭിമതരായി പ്രഖ്യാപിച്ചു. സിനിമ അമേരിക്കന്‍ വിരുദ്ധമാണെന്നു ആരോപണം ഉയര്‍ന്നു.
സൈനിക ഭരണകൂടം വീട്ടുതടങ്കലില്‍ വച്ചിരിക്കുന്ന സമയത്താണ് സംഗീതജ്ഞന് മികിസ് തിയോഡോര്സ്കി, കോസ്റ്റ ഗവ്റസിന് ട്രാക്ക് ഉപയോഗിക്കാന്‍ അനുമതി നല്കിയതെന്നതും ശ്രദ്ധേയം. ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്, അള്‍ജീരിയയെ കുറിച്ചാണെങ്കില്‍ ”ദ” ഗ്രീസിനെ കുറിച്ചാണെന്നും പറയപ്പെടുന്നു. 2015ല്‍ കാന്‍ ക്ലാസിക് സെക്ഷനില്‍ കാണിച്ചു.