എം-സോണ്‍ റിലീസ് – 1653
മാങ്ക ഫെസ്റ്റ് – 12

ഭാഷ | ജാപ്പനീസ് |
സംവിധാനം | Satoshi Kon |
പരിഭാഷ | ഗായത്രി മാടമ്പി |
ജോണർ | അനിമേഷൻ, ഹൊറർ, മിസ്റ്ററി |
എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ മീമയുടെ ഈ തീരുമാനം പല ആരാധകർക്കും ഉൾക്കൊള്ളാനാവുന്നില്ല. അഭിനയമേഖലയിൽ നിലനിൽക്കാൻ ചെയ്യേണ്ടി വരുന്ന കാര്യങ്ങളും ഫാൻസിന്റെ സമ്മർദ്ദവും സ്വയമായി എടുത്ത തീരുമാനങ്ങളെ പറ്റിയുള്ള ആശങ്കകളും അവളെ സാരമായി ബാധിക്കുന്നു. അവൾ ഉപേക്ഷിച്ച് പോന്ന പോപ്പ് താരമെന്ന വ്യക്തിത്വം അവളെ നിരന്തരം വേട്ടയാടുന്നു. താൻ അഭിനയിക്കുന്ന സീരീസിൽ സംഭവിക്കുന്ന സമാനമായ കഥാഗതി അവളുടെ ജീവിതത്തിൽ സംഭവിക്കുന്നതിനാൽ യാഥാർഥ്യവും സ്വപ്നങ്ങളും തിരിച്ചറിയാനാവാത്ത ഒരു നിലയിലേക്ക് മീമ എത്തി ചേരുന്നു.
അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ആണ് സിനിമയുടെ ഒടുക്കം കാത്തിരിക്കുന്നത്. ഭാവനയും യാഥാർത്ഥ്യവും യോജിപ്പിച്ച് സമന്വയിപ്പിക്കുന്നതിലുള്ള സംവിധായകന്റെ കഴിവാണ് സിനിമയുടെ ജീവൻ. 1997ലെ ബെസ്റ്റ് ഏഷ്യൻ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നോമിനേഷനുകളും Perfect Blue വിന് ലഭിച്ചിട്ടുണ്ട്.