Kung Fu Hustle
കുങ് ഫു ഹസിൽ (2004)

എംസോൺ റിലീസ് – 1505

Download

3013 Downloads

IMDb

7.7/10

‘നിങ്ങൾക്കും പഠിക്കാം കുംഗ് ഫു’ എന്ന 20 പൈസയ്ക്ക് കിട്ടുന്ന പുസ്തകം 10 രൂപയ്ക്ക് വാങ്ങി കാണാപ്പാഠം പഠിച്ച് സമൂഹത്തിൽ നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ചെറുപ്രായത്തിൽ പോരാടാനിറങ്ങിയതാണ് സിങ്. ആദ്യത്തെ മിഷൻ തന്നെ പാളിപ്പോയി. സിങിനെ അഞ്ചെട്ട് പിള്ളേർ വളഞ്ഞിട്ട് തല്ലി. ഇവിടെ ഹീറോകൾ പച്ചപിടിക്കില്ലെന്ന് മനസ്സിലായ സിങ് വില്ലനാവാൻ തീരുമാനിച്ച് നാട് വിട്ടു. വർഷങ്ങൾക്കിപ്പുറം കോടാലി സംഘം (Axe gang) എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച് ജീവിക്കുന്നയാളായി മാറി സിങ്. അവനേക്കാൾ വലിയ ഒരു മണ്ടനെയും കൊണ്ടാണ് നടപ്പ്.

കർമ്മഫലമാണോ കഷ്ടകാലമാണോ എന്നറിയില്ല. ഒരു ദിവസം സിങും കൂട്ടുകാരനും പറ്റിക്കാൻ വന്നത് ഉള്ളതുകൊണ്ട് ജീവിക്കുന്നവർ നിറഞ്ഞ പിഗ് സ്റ്റൈ ആലി എന്ന കോളനിയിലേക്കാണ്. ഒരു ബാർബറെ പറ്റിക്കാനാണ് അവർ നോക്കിയത്. പക്ഷേ ബാർബർ കോളനിയുടെ നടത്തിപ്പുകാരിയെ വിളിച്ചുകൊണ്ടുവന്നു. ആ പെണ്ണുമ്പിള്ള അവനെ ഓടിച്ചിട്ടടിച്ചു. കിട്ടിയതും കൊണ്ട് അവന് പോകാമായിരുന്നു, ചെയ്തില്ല. എന്റെ കൂട്ടുകാർ പുറത്തുണ്ട്, ഞാനവരെ വിളിക്കാമെന്ന് പറഞ്ഞ് ഒരു പടക്കം കത്തിച്ച് മതിലിനപ്പുറത്തേക്കെറിഞ്ഞു. അത് വന്നുവീണത് യഥാർത്ഥ കോടാലി സംഘത്തിലെ വലിയ ഒരു പുള്ളിയുടെ തലയിലാണ്. എന്താ സംഗതി എന്നറിയാൻ അയാൾ അങ്ങോട്ട് വന്നു. സത്യം പറഞ്ഞാൽ തന്റെ അന്ത്യമാണെന്ന് മനസ്സിലായ സിങ് അത് കോളനിയിലെ നടത്തിപ്പുകാരിയുടെ തലയിൽ കെട്ടിവച്ചു.

കോളനിക്കാരെ ഒരു പാഠം പഠിപ്പിക്കാൻ വന്ന അയാൾ പിന്നെ നടു ഒടിഞ്ഞ് ഒരു ബാരലിനകത്ത് കിടക്കുന്നതാണ് കണ്ടത്. അയാൾ എങ്ങനെ അതിനകത്തെത്തി എന്ന് ആർക്കും ഒരു പിടിയുമില്ല. കോടാലി സംഘത്തിലെ ഒരുത്തനെ തൊട്ടാൽ അവർ വെറുതേ ഇരിക്കുമോ..? മുഴുവൻ കോടാലി സംഘവും അതിന്റെ തലവൻ സാക്ഷാൽ ബ്രദർ സമ്മും പാഞ്ഞെത്തി. ആരാ തന്റെ വലംകയ്യിനെ ബാരലിനകത്തേക്ക് ഇട്ടതെന്ന് അറിയാൻ ഒരു കുടുംബത്തെ പച്ചയ്ക്ക് കൊളുത്താൻ അയാൾ ഉത്തരവിട്ടു. പക്ഷേ അതിനുമുമ്പ് കാരണക്കാരനായ അവിടത്തെ ചുമട്ടുതൊഴിലാളി കുറ്റമേറ്റുകൊണ്ട് മുന്നോട്ട് വന്നു. അയാളെ കൊല്ലാൻ കോടാലി സംഘം പാഞ്ഞടുത്തു. പക്ഷേ ഒന്ന് തൊടാൻ പോലും അവർക്കായില്ല. അയാളെ രക്ഷിക്കാൻ സാധാരണ ഒരു തയ്യൽക്കാരനും ഹോട്ടലുടമയും വന്നു. ജോൺ വിക്ക്, റോബർട്ട് മക് കാൾ (ദി ഈക്വലൈസർ) എന്നിവരെ പോലെ ഒതുങ്ങി ജീവിക്കുന്നവരായിരുന്നു ആ മൂവരും. അവർ കോടാലി സംഘത്തെ ഫൂട്ട് ബോൾ അടിക്കുന്ന പോലെ (അക്ഷരാർത്ഥത്തിൽ) അടിച്ച് തെറിപ്പിച്ചു. ഇത്രയും ഫെയ്മസ്സായ കോടാലി സംഘം വെറും കോളനിക്കാരിൽ നിന്ന് അടികൊണ്ടോടിയത് നാണക്കേടാണെന്ന് അറിയാവുന്ന ബ്രദർ സം, അവരെയും ആ കോളനിക്കാരെയും ഒരു പാഠം പഠിപ്പിക്കാൻ ഓരോരോ വഴികൾ കണ്ടെത്തുകയാണ്.