എം-സോണ് റിലീസ് – 756
ഭാഷ | ചെക്ക് |
സംവിധാനം | Jan Nemec |
പരിഭാഷ | മോഹനൻ കെ.എം |
ജോണർ | ഡ്രാമ, വാർ |
ഹോളോകോസ്റ്റ് നാളുകളിൽ അനേകായിരം ജൂതന്മാർ കടന്നുപോയ ജീവിത സന്ദർഭങ്ങളെയാണ് ജാൻ നെമെക് എന്ന ചെക്ക് സംവിധായകൻ തന്റെ ആദ്യ സിനിമ സംരംഭത്തിനായി തെരഞ്ഞെടുത്തത്. അർണോസ്റ്റ് ലസ്റ്റിഗ് എഴുതിയ “ഡാർക്‌നെസ്സ് കാസ്റ്റ്സ് നോ ഷാഡോ” എന്നാ പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ സജീവ സജീവ സാന്നിധ്യം ചിത്രീകരണത്തിലുടനീളം സംവിധായകന് കൈമുതലായി. ഈ ചിത്രത്തിലൂടെ പിന്നീട് ജാൻ നെമെക്ക് ലോകസിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി.
ഒരു നാസി കോണ്സെൻട്രഷൻ ക്യാമ്പിൽ നിന്നും മറ്റൊന്നിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്നതിനിടയിൽ, രണ്ട് യുവാക്കൾ രക്ഷപ്പെടുന്നു. മരണത്തിലേക്കുള്ള തീവണ്ടിയാത്രയിൽ നിന്നും രക്ഷപ്പെട്ട അവർ എത്തിപ്പെടുന്നത് എങ്ങോട്ടേക്കാണ്? മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരതയാർന്ന കാലഘട്ടത്തിൽ ഇരയാക്കപ്പെടുന്നവരുടെ ഉള്ളുപൊള്ളുന്ന ജീവിതാനുഭവത്തെ അനാവരണം ചെയ്യുന്നു ഈ ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം.
ആദ്യ സീൻ മുതൽ വെടിയൊച്ചയുടെ അകമ്പടിയോടെ ആ യുവക്കളോടൊപ്പം തന്നെ ഓടുന്ന കാമറ പിന്നീട് മരക്കാടിലും,ചതുപ്പുനിലത്തും, പറക്കെട്ടിലും, കൊടുംവനത്തിലും ഗ്രാമത്തിലുമൊക്കെ പിൻതുടരുന്നു. നാസി കോണ്സെൻട്രഷൻ ക്യാമ്പിൽ നിന്നും പൂർവ ജീവിതം സ്വപ്നം കണ്ട് രക്ഷപ്പെടാൻ ധൈര്യം കാട്ടിയ അവർക്ക് വിശപ്പിന്റെ വിളികളാൽ ആ ധൈര്യം ചോർന്നു പോകുന്നതും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചിത്തഭ്രമങ്ങളും ദിവാസ്വപ്നങ്ങളും ഉന്മാദാവസ്ഥയും പരിഭ്രാന്തിയും യാഥാർഥ്യവുമായി കൈകോർക്കുന്നതോടെ സിനിമയും സങ്കീർണമാകുന്നു. കഥാപാത്രത്തിന്റെ യാത്രയോടും മനസിക സഘർഷവസ്ഥകളോടൊത്ത് പ്രേക്ഷകനെയും കൂട്ടിക്കൊണ്ടു പോകുന്ന സിനിമ ആവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ മനസ്സിനെ ചുട്ടുപ്പൊള്ളിക്കുന്ന അനുഭവമായി മാറുന്നു.