എം-സോണ്‍ റിലീസ് – 943
പെൺസിനിമകൾ – 15
ഭാഷ | ഡാരി |
സംവിധാനം | Samira Makhmalbaf |
പരിഭാഷ | സിനിമ കളക്ടീവ് വടകര |
ജോണർ | ഡ്രാമ |
അഫ്ഗാൻ യുദ്ധ ഭൂമികയിൽ സ്ത്രീകളുടെ ജീവിതം എത്ര കണ്ട് ദുഃസ്സഹമാണ് എന്ന സത്യം സമീറ മഖ്മൽ ബഫിന്റെ അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർനൂണ്‍, സ്വാതന്ത്ര്യത്തിനായി സ്വയം സംഘടിച്ചാലേ ഇനി രക്ഷയുള്ളൂ എന്ന തിരിച്ചറിവിൽ എത്തിയ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ജീവിതമാണ് ഈ ചിത്രം. തകർന്നടിഞ്ഞ കെട്ടിടങ്ങൾ പോലെ സ്ത്രീകളുടെ ജീവിതവും നരക തുല്യമാകുന്നത്. എല്ലായിടത്തും ധൈര്യപൂർവ്വം സ്വാതന്ത്രത്തിനായി തയ്യാറായി സ്ത്രീകൾ തന്നെ രംഗത്ത് വരണം എന്ന് ഈ ചിത്രം പറയുന്നു. ഇറാനിയൻ സിനിമാ ഇതിഹാസം മഖ്മൽ ബഫിന്റെ പുത്രി സമീറ യുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത്.
സമീറയുടെ മൂന്നാമത്തെ ചിത്രമാണിത്. അവരുടെ എല്ലാ ചിത്രത്തിലും ‘സ്വാതന്ത്രം’ എന്ന ഘടകം പ്രധാനമായും കടന്നുവരുന്നത് കാണാം. ഒരിക്കലും തന്റെ സിനിമകളിലൂടെ ആരെയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല, പകരം തന്റെയുള്ളിൽ സമൂഹത്തിൽ തുറന്നു പറയാനാകാത്ത ചില സംശയങ്ങളും, ചില ചോദ്യങ്ങളുമായിരിക്കും കാണാൻ കഴിയുക. ഏതൊരു സ്ത്രീയുടെയും, കുട്ടികളുടെയും ദുഃഖങ്ങളിൽ അവർ സാധാ ജാഗരൂകരാണ്. ഒരു യുദ്ധമോ കലാപമോ നടന്നാൽ അത് കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇതിന്റെ പ്രത്യാഘാതം മൂലം അവർക്കു സമൂഹത്തിൽ പീഡനങ്ങളും, ദുഃഖങ്ങളും മാത്രമാണ് ഉണ്ടാകുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഗ്രഹിക്കാൻ അവർക്കു സാധിക്കുന്നില്ല. ദുരിതമുണ്ടാക്കുന്നവരുടെ ദൃഷ്ടിയിൽ നിന്നും ഒളിച്ച് എങ്ങനെയെങ്കിലും ജീവൻ നിലനിർത്തുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. നിലനിന്നിരുന്ന ചില പ്രശ്നങ്ങളും ശക്തമായ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അന്വേഷിക്കുകയാണ് സമീറ ഈ ചിത്രത്തിലൂടെ.
താലിബാന്റെ പതനത്തിനുശേഷം കാബൂളില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ഒരു സ്ത്രീയുടെ ശക്തിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള ‘നോഗ്ര’ എന്ന അഫ്ഗാന്‍ യുവതിയുടെ കാഴ്ചപ്പാടിലൂടെയാണ് ‘അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂൺ’ എന്ന സിനിമ കഥ പറയുന്നത്. അഭയാര്‍ഥിക്യാമ്പുകളിലൂടെ മാറി മാറി താമസിക്കുകയായിരുന്നു നോഗ്രയുടെ കുടുംബം. യാഥാസ്ഥികനായ സ്വന്തം അച്ഛനറിയാതെ ആയിരുന്നു അവൾ സ്‌കൂളിൽ പോയിരുന്നത്. അവിടെ ചെല്ലുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷമാണ്. സ്വന്തം ക്ലാസിൽ ആർക്കൊക്കെ അഫ്ഗാന്റെ പ്രസിഡൻറ്റാകാൻ താല്പര്യമുള്ളവർ ആരൊക്കെയാണെന്ന് ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ നോഗ്ര ഉൾപ്പടെ രണ്ടുപേർ മാത്രമേ എഴുന്നേറ്റു നിൽക്കുന്നുള്ളൂ. ഇത്തരമൊരു ചിന്തതന്നെ തെറ്റാണെന്നായിരുന്നു മറ്റുള്ളവരുടെ മനസ്സിൽ. ബേനസീര്‍ ഭൂട്ടോയ്ക്കും, ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിയാവാമെങ്കിൽ എന്തുകൊണ്ട് അഫ്‌ഗാനിൽ ഒരു വനിതാ ഭരണാധികാരി വരുന്നതിൽ തെറ്റ് എന്നായിരുന്നു നോഗ്രയുടെ ചോദ്യം. നോഗ്രയുടെ കണ്ടെത്തലിൽ എല്ലാ പുരുഷന്മാരും സ്ത്രീ വിരുദ്ധരാണ്.
പൂർണമായും ഒരു സ്ത്രീപക്ഷ ചര്‍ച്ചയ്ക്ക് മാത്രം പാത്രമാകുന്നില്ല ചിത്രം. പകരം നോഗ്രയുടെ കുടുംബത്തിലേക്കും, അഭയാർത്ഥിയുടെ ദുഃഖങ്ങളും ഒപ്പിയെടുത്തിട്ടുണ്ട് സമീറ. കാബൂളിലെ തകര്‍ന്ന മതിലുകൾക്കപ്പുറവും ഇപ്പുറവും ഒരു ജീവിതം കെട്ടിപ്പെടുത്താൻ ശ്രമിക്കുന്ന മനുഷ്യരിലേക്ക്, അവരുടെ ദുരിതങ്ങളിലേക്ക് എത്തിനോക്കാൻ ശ്രമിക്കുകയാണ് സമീറയുടെ ഏറെ സമയവും. തീക്ഷ്ണമായ ആശയങ്ങൾ രംഗങ്ങൾക്ക് വഴിമാറുകയാണ് ഇവിടെ.
പ്രേക്ഷകർക്ക് നേരെ ഒരു കുതിരയും രണ്ട് സ്ത്രീകളും കടന്നു വരുന്ന രംഗത്തോടെ ചിത്രം തുടങ്ങി അവർ തിരിച്ചു പോകുന്ന ഷോട്ടോടു കൂടിയാണ് ചിത്രം അവസാനിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളെ പോലെ രംഗങ്ങൾ മനസ്സിൽ തങ്ങുന്നില്ലെങ്കിലും അവർ ചോദിച്ച ചോദ്യങ്ങൾ ഒരു മുഴക്കമായി മനസ്സിൽ ഉണ്ടാകും !!
കടപ്പാട് : ആശ പ്രദീപ്