എംസോൺ റിലീസ് – 3302
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kenneth Branagh |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, ഹൊറർ |
വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്‌ന പ്വാറോയെ കാണാൻ എത്തുന്നു.
ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും അതിന് ശേഷം ഒരു വീട്ടിൽ പോകുന്നുണ്ടെന്നും അവിടെയൊരു മീഡിയം വന്ന് ഒരു ആത്മാവിനെ വിളിച്ച് സംസാരിക്കാൻ പോകുകയാണെന്നും പറയുന്നു. അതെല്ലാം ശുദ്ധ തട്ടിപ്പാണെന്നും ആത്മാവിലും പ്രേതത്തിലും ദൈവത്തിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നും പറഞ്ഞ് പ്വാറോ അവരെ പുച്ഛിച്ചു തള്ളുന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ അവർക്കതിന്റെ വിദ്യ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് രണ്ടാമനായ പ്വാറോയുടെ അടുത്ത് വന്നതെന്നും, പ്വാറോയ്ക്കും ഇതിന് പിന്നിലെ രഹസ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ ചിലപ്പൊ പ്രേതത്തിലും ദൈവത്തിലുമൊക്കെ വിശ്വസിച്ചുപോകുമെന്നും പറയുന്നു. ഇത് കേട്ട് താൻ തന്നെയാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്ന് തെളിയിക്കാനായി ആ രഹസ്യത്തിന്റെ ചുരുളഴിക്കാൻ പ്വാറോ ഇറങ്ങി പുറപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് പിന്നീടുള്ള കഥ.
ഇതുവരെ ഉള്ളതിൽ വച്ചേറ്റവും ബുദ്ധിമുട്ടുള്ള ഒരുപിടിയും തരാത്ത കൊലപാതകവും അതീന്ദ്രിയ ശക്തികളും പ്വാറോയ്ക്കു കനത്ത എതിരാളിയെ തന്നെ നൽകുന്നു. അഗത ക്രിസ്റ്റിയുടെ “ഹാലോവീൻ പാർട്ടി” എന്ന നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം സാധാരണയായി ത്രില്ലർ മൂഡിൽ പോകുന്ന പ്വാറോ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഹൊറർ മിസ്ട്രി രീതിയിലാണ് മുന്നോട്ട് പോകുന്നത്.