എം-സോണ്‍ റിലീസ് – 2456
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alfonso Arau |
പരിഭാഷ | വിവേക് സത്യൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
മുന്തിരിച്ചാറിന്റെ രുചിയും വീര്യവും ഉള്ള പ്രണയകഥ, ‘എ വാക് ഇൻ ദി ക്ലൗഡ്‌സ്’ (A WALK IN THE CLOUDS) എന്ന സിനിമയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്വസ്ഥമായ കുടുംബ ജീവിതം ആശിച്ചു നാട്ടിലേക്ക് മടങ്ങിയെത്തുന്ന യുഎസ് സൈനികനായ പോൾ ഭാര്യയുടെ നിർബന്ധ പ്രകാരം ചോക്ലേറ്റ് വിൽപനയ്ക്കായി ഇറങ്ങിത്തിരിക്കുന്നു. യാത്രാമധ്യേ ഗർഭിണിയായ വിക്ടോറിയ എന്ന മെക്സിക്കൻ പെൺകുട്ടിയെ കണ്ടുമുട്ടുകയും അതുവഴി താൻ ആഗ്രഹിച്ച പോലെയുള്ള ഒരു കുടുംബത്തിലേക്ക് അവിചാരിതമായി എത്തിച്ചേരുകയും ചെയ്യുന്നു.
ലാസ് നൂബ്സ് താഴ്‌വരയിലെ വിളവെടുപ്പിനായി കാത്തിരിക്കുന്ന മുന്തിരിപ്പഴങ്ങളോടൊപ്പം പോളിന്റേയും വിക്ടോറിയയുടെയും പ്രണയവും പൂത്തുലയുന്നു. വിക്ടോറിയയുടെ യാഥാസ്ഥിതികരായ കുടുംബം ഈ പ്രണയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതും അവരുടെ പിന്നീടുള്ള ജീവിതവും ഇമ്മാനുവൽ ലുബെസ്കിയുടെ നിറങ്ങൾ വാരിവിതറുന്ന ഛായാഗ്രഹണത്തിലൂടെയും, മൗറീസ് ജാർ ഒരുക്കിയ മനോഹര സംഗീതത്തിന്റെ അകമ്പടിയോടു കൂടെയും നമുക്ക് മുൻപിലേക്ക് അനാവരണം ചെയ്യപ്പെടുന്നു.
കീനു റീവ്സിനേയും, ഐതാന സാഞ്ചസ്-ഗിജോണിനെയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൻസോ അറാവു സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് ഫീൽ ഗുഡ് മൂവിയാണ്, എ വാക് ഇൻ ദി ക്ലൗഡ്‌സ്.