Agatha Christie’s Poirot Season 4
അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 4 (1992)
എംസോൺ റിലീസ് – 2651
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | London Weekend Television |
പരിഭാഷ: | ഫഹദ് അബ്‍ദുൽ മജീദ് |
ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഷെർലക്ക് ഹോംസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയെടുത്ത ഫിക്ഷണൽ അപസർപ്പക കഥാപാത്രമാണ് വിഖ്യാത കുറ്റാന്വേഷണ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ “ഹെർക്യൂൾ പ്വാറോ”.
Episode 1: The ABC Murders / എപ്പിസോഡ് 1: ദി എബിസി മാർഡേഴ്സ്
“ഇംഗ്ലണ്ടിലെ പൊട്ടന്മാരായ പോലീസുകാർക്ക് പരിഹരിക്കാനാകാത്ത കേസുകളുടെ ചുരുളഴിക്കാൻ പ്രത്യേക കഴിവുള്ള താങ്കൾ, അത്ര കേമനാണെങ്കിൽ എന്നെ കണ്ടുപിടിക്ക്” എന്ന് പ്വാറോയെ പരിഹസിച്ചും വെല്ലുവിളിച്ചും കുറ്റവാളി കത്തെഴുതുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ABC എന്ന് വിളിപ്പേരുള്ള ഒരു സീരിയൽ കില്ലർ അക്ഷരമാലാക്രമത്തിൽ ആളുകളെ കൊല്ലുകയും ഒരോ കൊലയ്ക്ക് മുൻപും പ്വാറോയ്ക്ക് അടുത്ത കൊലപാതകം നടക്കാൻ പോകുന്നത് എവിടെയാണെന്ന് കത്തയക്കുകയും ചെയ്യുന്നു. കത്തിൽ പറയുന്ന പോലെ തന്നെ കൊല നടക്കുകയും, ഡെഡ് ബോഡിക്ക് അരികിൽ കൊലയാളി ABC റെയിൽവേ ഗൈഡ് ഉപേക്ഷിച്ച് പോവുകയും ചെയ്യുന്നു. കേസിന്റെ ചുരുളഴിക്കാൻ പോലീസിനേക്കാൾ കേമനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹെർക്യൂൾ പ്വാറോ ഇറങ്ങിത്തിരിക്കുകയാണ്.
തന്റെ വ്യക്തിത്വത്തെയും പശ്ചാത്തലത്തേയും വെല്ലുവിളിക്കുന്ന കത്തുകളിൽ നിന്ന്, തന്നെ വളരെ നന്നായി അറിവുള്ള ആളാണ് കൊലപാതകിയെന്ന് പ്വാറോ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ കേസ് തെളിയിക്കേണ്ടത് പ്വാറോയുടെ അഭിമാന പ്രശ്നമായും മാറുന്നു.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ കൊലപാതക പരമ്പര നടത്തുന്ന ആ കുറ്റവാളിയെ തേടി പ്വാറോയും, സഹായി ഹേസ്റ്റിംഗ്സും, സ്കോട്ട്‌ലാൻഡ് യാർഡ് പോലീസും, കൂടാതെ ABC നരഹത്യയിൽ മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കളും ഒന്നിക്കുന്നു.
അഗത ക്രിസ്റ്റിയുടെ ഈ കഥയെ ആസ്പദമാക്കി മലയാളത്തിൽ അടക്കം ലോകമെമ്പാടും ഒരുപാട് അഡാപ്റ്റേഷനുകൾ വന്നിട്ടുണ്ടെങ്കിലും പ്വാറോ സീരിസ് തന്നെയാണ് മികച്ചു നിൽക്കുന്നത്. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ നാലാം സീസണിലെ ആദ്യ എപ്പിസോഡായ “ABC നരഹത്യകൾ”
Episode 2: Death in the Clouds / എപ്പിസോഡ് 2: ഡെത്ത് ഇൻ ദി ക്ലൗഡ്‌സ്
പാരീസിൽ വന്ന് ടെന്നീസ് കളി കണ്ടു മടങ്ങുകയായിരുന്നു പ്വാറോ. വിമാനത്തിൽ കയറിയ ഉടനെ ഒരു കമ്പിളിയും വാങ്ങി അതും പുതച്ച് പ്വാറോ ഉറക്കം തുടങ്ങി. ഒരു എയർ സ്റ്റുവേർഡിന്റെ ബഹളം കേട്ടാണ് പ്വാറോ പിന്നീട് ഉണർന്നത്. കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ ഒരു ഞെട്ടലോടെ പ്വാറോ തിരിച്ചറിഞ്ഞു. തന്റെ അടുത്ത് നിന്നും വെറും 10 അടി ദൂരത്തിൽ ഇരുന്ന ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. വിമാനത്തിലുള്ള ആരോ ഒരാളാണ് കൊലയാളി.
ഡിറ്റക്ടീവ് നോവലുകൾ എഴുതുന്ന എഴുത്തുകാരൻ, ഒരു പുരാവസ്തുഗവേഷകൻ, ഒരു ഡന്റിസ്റ്റ്, പ്രഭു കുടുംബത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ, രണ്ട് എയർ സ്റ്റുവേർഡുകൾ എന്നിവരാണ് പ്വാറോയെ കൂടാതെ വിമാനത്തിലുള്ളത്. മേഘങ്ങൾക്ക് ഇടയിൽ വെച്ച് ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇൻസ്‌പെക്ടർ ജാപ്പിന്റെ കണ്ണിൽ വിമാനത്തിലുള്ള പ്വാറോ അടക്കമുള്ള ആര് വേണമെങ്കിലും ആകാം കുറ്റവാളി. ഈ കേസ് തെളിയിക്കേണ്ടത് പ്വാറോയുടെ അഭിമാനത്തിന്റെ പ്രശ്നവും കൂടിയാണ്. താൻ അല്ല കൊലപാതകി എന്ന് തെളിയിക്കാൻ പ്വാറോയ്ക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിച്ചേ പറ്റൂ.
അഗത ക്രിസ്റ്റിയുടെ ഈ കഥയെ ആസ്പദമാക്കി വളരെ കുറച്ച് അഡാപ്റ്റേഷനുകളെ ഇറങ്ങിയിട്ടുള്ളൂ. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ നാലാം സീസണിലെ രണ്ടാം എപ്പിസോഡായ “ഡെത്ത് ഇൻ ദി ക്ലൗഡ്‌സ്”
Episode 3: One, Two, Buckle My Shoe / എപ്പിസോഡ് 3: വൺ, ടൂ, ബക്കിൾ മൈ ഷൂ
ഇത്തവണ, പ്വാറോയെ അടിമുടി വിറപ്പിച്ച ഒരു കേസായിരുന്നു അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടി വന്നത്. ഒരു ദിവസം ഡന്റിസ്റ്റിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോഴാണ് താൻ കാണാൻ പോയ ഡന്റിസ്റ്റ് മരണപ്പെട്ടിരിക്കുന്നു എന്ന വിവരം പ്വാറോ അറിയുന്നത്. കൈയിൽ ഒരു തോക്കും പിടിച്ചുകൊണ്ട് മരിച്ചു കിടക്കുന്ന ആ ഡോക്ടറുടെ മരണം ആത്മഹത്യയാണെന്ന് സ്കോട്ട്‌ലാൻഡ് യാർഡ് പോലീസ് അനുമാനിക്കുന്നു. എന്നാൽ സംഭവത്തിൽ എവിടെയോ ഒരു പന്തികേട് മണത്ത പ്വാറോ കൊലപാതകമാണെന്ന ഊഹത്തിലെത്തുന്നു. അന്ന് ഡോക്ടറെ അവസാനമായി കാണാൻ വന്ന രോഗിയെ അന്വേഷിച്ചിറങ്ങിയ ഇൻസ്പെക്ടർ ജാപ്പും ഹെർക്യൂൾ പ്വാറോയും ഞെട്ടുകയാണ്!! കാരണം, ഡോക്ടർ മരിച്ച അന്ന് തന്നെ മണിക്കൂറുകൾക്ക് ശേഷം ആ പേഷ്യന്റും മരണപ്പെട്ടിരിക്കുന്നു.
കൊലപാതകങ്ങളുടെ ചുരുളഴിക്കാനായി ഇൻസ്പെക്ടറും പ്വാറോയും ഇറങ്ങിത്തിരിക്കുന്നതോടെ അമ്പരിപ്പിക്കുന്ന, കൺഫ്യൂഷൻ ഉണ്ടാക്കുന്ന മറ്റൊരു തിരോധാനം കൂടി നടക്കുന്നു. അന്വേഷണത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്തോറും കൂടുതൽ സങ്കീർണ്ണമാകുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഒരു കേസായി മാറുകയായിരുന്നു. കഥയിലെ ഓരോ കഥാപാത്രങ്ങളും വളരെ ദുരൂഹമായി തുടരുന്ന, ഊഹങ്ങൾക്ക് പോലും പിടി തരാത്ത, കുഴപ്പംപിടിച്ചതും അവിശ്വസനീയവുമായ ഈ ക്രൈം ത്രില്ലർ അവസാനം വരെ പ്രേക്ഷകനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല.
അഗത ക്രിസ്റ്റിയുടെ ആരും ശ്രദ്ധിക്കാത്ത, അധികം അഡാപ്റ്റേഷനുകളും വരാത്ത ഒരു മൈന്റ് ട്വിസ്റ്റിംഗ് കഥയാണ് ഈ എപ്പിസോഡിൽ പറയുന്നത്. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ നാലാം സീസണിലെ മൂന്നാം എപ്പിസോഡായ ” വൺ, ടൂ, ബക്കിൾ മൈ ഷൂ “