എം-സോണ്‍ റിലീസ് – 1865
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Mark Andrews, Brenda Chapman |
പരിഭാഷ | അക്ഷയ് ഗോകുലം |
ജോണർ | ആനിമേഷന്‍, അഡ്വെഞ്ചര്‍,കോമഡി |
2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്‌സാർ ആനിമേഷൻ സ്‌റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്‌നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ എഴുതി. തന്റെ മകളുമായ ബന്ധത്തിൽ നിന്നാണ് ബ്രെണ്ട ചാപ്മാന് കഥക്കുള്ള പ്രചോദനം ലഭിച്ചത്. ബ്രേവ് സംവിധാനം ചെയ്തതോടെ ചാപ്മാൻ പിക്‌സാറിന്റെ ചരിത്രത്തിലെ ആദ്യ വനിതാസംവിധായകയുമായി.ഡോൾബി ആറ്റ്മോസ് ശബ്ദസംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രം എന്ന പ്രത്യേകതയും ബ്രേവ് നേടി.
സ്കോട്ടിഷ് മലമ്പ്രദേശം പശ്ചാത്തലം ആക്കിയ ചിത്രം, കാലങ്ങളായി നിലനിന്നുപോരുന്ന ഒരു ആചാരത്തെ വെല്ലുവിളിക്കുന്ന മെറിഡ എന്ന ഒരു രാജകുമാരിയുടെ കഥ പറയുന്നു. നിർബന്ധപൂർവം വിവാഹത്തിന് പ്രേരിപ്പിക്കുന്ന മാതാപിതാക്കളെ എതിർക്കുന്ന മെറിഡ ഒരു മന്ത്രവാദിനിയുടെ സഹായം തേടുകയും, അത് വഴി അബദ്ധത്തിൽ തന്റെ അമ്മയെ ഒരു കരടിയാക്കി മാറ്റുകയും ചെയ്യുന്നു.തുടർന്ന് ആ ശാപത്തിൽ നിന്ന് എങ്ങനെ മോക്ഷം കിട്ടുന്നു എന്നതാണ് കഥാതന്തു.
ജൂൺ 10, 2012 -ന് സിയാറ്റിൽ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചിത്രം വടക്കേ അമേരിക്കയിൽ റിലീസ് ചെയ്തത് ജൂൺ 22 -ന് ആണ്. മികച്ച അഭിപ്രായങ്ങളും ബോക്സ് ഓഫീസിൽ വിജയവും, മികച്ച ചിത്രത്തിനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ പുരസ്കാരങ്ങളും ബ്രേവ് നേടി.