എം-സോണ് റിലീസ് – 253
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Olivier Assayas |
പരിഭാഷ | ആർ നന്ദലാൽ |
ജോണർ | ഡ്രാമ |
മരിയ എൻഡേഴ്സ് എന്ന പ്രമുഖ നടിയും അവരുടെ അസിസ്റ്റന്റ് വാലന്റൈനും സൂറിച്ചിലേക്കുള്ള യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് മരിയയെ ഒരു നടിയാക്കി മാറ്റിയ വിലെം മെൽകിയറുടെ മരണവാർത്ത അവരെ തേടിയെത്തുന്നത്. വിലെമിന്റെ മലോയാസ് സ്നേക്ക് എന്ന നാടകത്തിലൂടെയാണ് മരിയ അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് അതിന്റെ തന്നെ സിനിമാരൂപാന്തരത്തിലും മരിയ അഭിനയിച്ചിരുന്നു. ഇതിൽ ഹെലെന എന്ന നാൽപതുകളിലെത്തി നിൽക്കുന്ന ഒരു സ്ത്രീയും അവരുടെ കമ്പനിയിൽ അവരുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ സിഗ്രിഡ് എന്ന യുവതിയും തമ്മിലുള്ള ബന്ധവും അതിലൂള്ള പ്രശ്നങ്ങലും അതിന്റെ സങ്കീർണതകളുമാണ് പറയുന്നത്.
അവസാനം ഹെലൈനയെ ആത്മഹത്യയുടെ വക്കിലേക്കെത്തിച്ച് സിഗ്രിഡ് അവരെ വിട്ടുപോകുകയാണ്. നാടകത്തിലും സിനിമയിലും സിഗ്രിഡിനെ അവതരിപ്പിച്ചത് മരിയയായിരുന്നു. വിലെമിന്റെ മരണശേഷം ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ ശ്രമിക്കുകയാണ് ക്ലൗസ് എന്ന സംവിധായകൻ. മരിയയോട് ഹെലെനയുടെ വേഷം ചെയ്യാൻ പറയുന്നു. സിഗ്രിഡ് ആയി ജൊ-ആൻ എന്ന ഒരു യുവനടിയെയും അഭിനയിപ്പിക്കുന്നു. പക്ഷെ മരിയയുടെ മനസ് പൂർണ്ണമായും ഇരുപത് വർഷം മുമ്പ് താനഭിനയിച്ച സിഗ്രിഡിൽ തറഞ്ഞിരിക്കുകയാണ്. അവർക്ക് ഹെലെനയെ ഉൾക്കൊള്ളാനേ സാധിക്കുന്നില്ല. വിലെമിന്റെ ഏറ്റവും പ്രീയപ്പെട്ട പ്രധേശമായ സിൽസ് മരിയയിൽ വച്ചാണ് മരിയ നാടകം റിഹേഴ്സൽ ചെയ്യുന്നത്.
വാലന്റൈനാണ് റിഹേഴ്സലിൽ സിഗ്രിഡിന്റെ ഭാഗം വായിക്കുന്നത്. അതേ സമയം മരിയക്കും വാലന്റൈനുമിടയിൽ സിഗ്രിഡിനും ഹെലെനയ്ക്കുമിടയിലെന്ന പോലെയുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നുണ്ട്. അവരുടെ സംസാരത്തിനിടയിൽ നാടകമേതാണ് സിനിമയേതാണ് എന്ന സംശയം എല്ലായ്പോഴും പ്രേക്ഷകനുണ്ടാകുന്നുമുണ്ട്. കാലം, പ്രായമാകൽ, സംസ്കാരം തുടങ്ങിയ പല ഘടകങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നു. സിനിമാമേഖലയിൽ ചിരപരിചിതങ്ങളായ ചില പ്രശ്നങ്ങളിലേക്കും സിനിമ കടന്നു പോകുന്നുണ്ട്.