Fantastic Beasts: The Crimes of Grindelwald
ഫന്‍റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിന്‍റല്‍വാള്‍ഡ് (2018)

എംസോൺ റിലീസ് – 1100

Download

4160 Downloads

IMDb

6.5/10

ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ ഫാന്‍റസി ത്രില്ലർ ആണ് 2016 മുതലാരംഭിച്ച ”ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് സീരീസ്”. ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രമാണ് 2018ൽ പുറത്തിറങ്ങിയ “ഫന്‍റാസ്റ്റിക് ബീസ്റ്റ്സ്: ദ ക്രൈംസ് ഓഫ് ഗ്രിന്‍റൽവാൾഡ്”. ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പാണ് ഈ സിനിമയിലെ കാലഘട്ടം (1920കളുടെ അവസാനം). ഈ കാലഘട്ടത്തിലെ ശക്തനായ ദുർമന്ത്രവാദിയായ ഗ്രിന്‍റൽവാൾഡും ഹോഗ്വാർഡ് സ്കൂളിലെ അധ്യാപകനായ പ്രൊഫസർ ഡംബിൾഡോറും അദേഹത്തിന്‍റെ ശിഷ്യനും മാന്ത്രിക ജന്തുശാസ്ത്ര വിദഗ്ദ്ധനുമായ ബ്രിട്ടീഷ് മാന്ത്രികൻ ന്യൂട്ട് സ്‌കമാന്‍ററുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ന്യൂട്ട് സ്കമാന്‍ററിന്‍റെ സഹായത്തോടെ ന്യൂയോർക്കിൽ തടങ്കലിലാക്കപ്പെട്ടിരുന്ന ഗ്രിന്‍റൽവാൾഡ് തന്‍റെ അസാധ്യമായ മാന്ത്രിക ശക്തിയുടെ പിൻബലത്തോടെ അതിസാഹസികമായി രക്ഷപ്പെടുന്നിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. പിന്നീട്, സാധാരണക്കാരായ മഗ്ഗിൾസിനുമേൽ മന്ത്രികർ തങ്ങളുടെ ആധിപത്യം സ്ഥാപിക്കണമെന്ന തന്‍റെ ആശയം നടപ്പിലാക്കാൻ വേണ്ടി ഗ്രിന്‍റൽവാൾഡ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളാൽ സമൃദ്ധമാണ് സിനിമ. ബിഗ് സ്ക്രീനിൽ ഒരിക്കൽ കൂടിയെത്തുന്ന ഹോഗ്വാർഡ് സ്കൂളും മാന്ത്രിക ലോകവും ഹാരിപോട്ടർ പരമ്പരകളെ വെല്ലുന്ന മാന്ത്രിക രംഗങ്ങളൊരുക്കുന്ന ഗ്രാഫിക്സ് വിരുന്നും പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെയും ആവേശത്തിലാക്കുന്നുണ്ട്.

ന്യൂട്ട് സ്കമാന്‍ററായി വേഷമിടുന്നത് പ്രശസ്ത ഇംഗ്ലീഷ് നടൻ എഡ്ഡി റെഡ്മെയ്ൻ ആണ്. അദ്ദേഹത്തിന്‍റെ തനത് ശൈലിയിലുള്ള അഭിനയം ന്യൂട്ട് സ്കമാന്‍ററെ വേറിട്ട് നിർത്തുന്നു. കാതറിൻ വാട്ടർസ്റ്റോൺ, ഡാൻ ഫോഗ്ളർ,കല്ലം ടർണർ,സൗ ക്രാവിറ്റ്സ്, അലിസൺ സുഡോൾ, എസ്റാ മില്ലർ, എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഡംബ്ൾഡോറായെത്തുന്നത് ജൂഡ് ലോ യും പ്രധാന വില്ലനും അതിശക്തനായ ദുർമന്ത്രവാദിയുമായ ഗ്രിന്‍റൽവാൾട്ടായെത്തുന്നത് സാക്ഷാൽ ജോണി ഡെപ്പുമാണ് (ക്യാപ്റ്റൻ ജാക്ക് സ്പാരോ). അദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വില്ലൻ വേഷമാണ് ഗ്രിന്‍റൽവാൾഡിന്‍റെത്. അങ്ങനെ ഹാരീപോട്ടർ ആരാധകരേയും ജോണി ഡെപ്പ് ആരാധകരെയും ഒരു പോലെ ആവേശത്തിലാക്കാൻ ഈ സിനിമക്കാവുന്നുണ്ട്.അവസാന നാല് ഹാരി പോട്ടർ സിനിമകളും ദ ലെജന്‍റ് ഓഫ് ടാർനും സംവിധാനം ചെയ്യ്ത പ്രശസ്തനായ ബ്രിട്ടീഷ് സംവിധായകൻ ഡേവിഡ് യാറ്റ്സ് തന്നെയാണ് ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് സീരീസും സംവിധാനം ചെയ്യുന്നത്.ഈ ശ്രേണിയിലെ അടുത്ത ചിത്രമെത്തുന്നത് 2021ലാണ്.