എംസോൺ റിലീസ് – 2204

ഭാഷ | ഇംഗ്ലീഷ് |
പരിഭാഷ | മുബാറക്ക് ടി.എന്. |
ജോണർ | ഡോക്യുമെന്ററി, ഷോർട് |
1963 ഓഗസ്റ്റ് 28. വാഷിങ്ടൺ, അമേരിക്ക.
രണ്ടര ലക്ഷത്തോളം വരുന്ന വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയാണ് ഒരു മുപ്പത്തിനാല് വയസുകാരൻ.
സ്വാതന്ത്ര്യത്തിൻ്റെയും, പൗരാവകാശത്തിൻ്റെയും, തുല്യനീതിയുടെയും ആശയങ്ങൾ ഉയർത്തിപ്പിടിച്ച ആ പ്രസംഗം, ലോകമെമ്പാടുമുള്ള മർദ്ദിതജനതയുടെ ഉദ്ഘോഷണമായി മാറി.
വളരെ സ്പഷ്ടമായി ഉച്ചരിക്കപ്പെട്ട ആ വാക്കുകൾ, അയാളെ ശ്രവിച്ചു കൊണ്ടിരുന്നവരുടെ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി.
ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ പ്രഖ്യാപനമെന്ന് പലരും വിശേഷിപ്പിച്ച ആ പ്രസംഗം നടത്തിയത്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്ന, അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ അവകാശങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.
ഐ ഹാവ് എ ഡ്രീം (എനിക്കൊരു സ്വപ്നമുണ്ട്) എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ ഈ പ്രസംഗം, വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിനു മുന്നിലായിരുന്നു നടന്നത്.
ആഫ്രിക്കൻ വംശജർ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വത്തിനും, അവരോടുള്ള അവഗണനയ്ക്കും, അവഹേളനത്തിനുമെതിരെ നടന്ന ഈ പ്രഭാഷണം, ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.