Legends of the fall
ലെജൻഡ്സ് ഓഫ് ദി ഫാൾ (1994)

എംസോൺ റിലീസ് – 919

1979ൽ പുറത്തിറങ്ങിയ ജിം ഹാരിസണിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് 1994ൽ പുറത്തിറങ്ങിയ Legends of the Fall. ബ്രാഡ് പിറ്റ്, ആന്തണി ഹോപ്കിൻസ്, എയ്ഡൻ ക്വിൻ, ജൂലിയ ഓർമോണ്ട്, ഹെൻറി തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് എഡ്വാർഡ് സ്‌വിക്ക് ആണ്. ഓസ്‌കാറിലേക്ക് മൂന്ന് വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടുകയും ചെയ്തു.

ഗവൺമെന്റിന്റ തദ്ദേശീയരായ അമേരിക്കക്കാരോടുള്ള നിലപാടുകളിൽ മനം മടുത്തു പട്ടാളത്തിൽ നിന്നും പിരിഞ്ഞു മൊണ്ടാനയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് ജീവിതം നയിക്കുന്ന കേണൽ ലഡ്‌ലോയുടെയും അദ്ദേഹത്തിന്റെ ആൽഫ്രഡ്‌, ട്രിസ്റ്റൻ, സാമുവൽ എന്നീ മൂന്ന് ആണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂത്തവനായ ആൽഫ്രഡ്‌ ഉത്തരവാദിത്ത ബോധമുള്ളവനും സംയമനത്തോടെ പെരുമാറുന്നവനുമായിരുന്നു. രണ്ടാമനും കേണലിന്റെ പ്രിയപുത്രനുമായ ട്രിസ്റ്റന് അവരുടെ സുഹൃത്തും സഹായിയുമായ റെഡ് ഇന്ത്യൻ വംശജനായ വൺ സ്റ്റാബിന്റെ കൂടെ വേട്ടയാടുന്നതിലും സാഹസികതയിലുമായിരുന്നു താല്പര്യം. ഇളയവനും വിദ്യാഭ്യാസമുള്ളവനുമായ സാമുവൽ ഒരു ലോല മനസ്സിനുടമയായിരുന്നു. അവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ചേട്ടന്മാരായിരുന്നു അവന്റേത്. ഒന്നാം ലോക മഹായുദ്ധവും പരിസ്ഥിതിയും ചരിത്രവും പ്രണയവും എല്ലാം എങ്ങനെയാണ് അവരുടെ ജീവിതങ്ങളെ ബാധിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.