എംസോൺ റിലീസ് – 3365
ക്ലാസിക് ജൂൺ 2024 – 07
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | J. Lee Thompson |
പരിഭാഷ | വിഷ്ണു എം കൃഷ്ണന് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
അപ്പാച്ചി ആത്മാക്കൾ കാവൽ നില്ക്കുന്ന സ്വർണ്ണത്താഴ്‌വര കാലങ്ങളായി പുറംലോകം കാണാതെ കിടക്കുന്നു. അതു കണ്ടെത്താൻ പലരും പല വഴിക്കും ശ്രമിച്ചതാണ്. ഏറ്റവുമൊടുവിലായി, മക്കെന്നയെന്ന മാർഷലും കൊളറാഡോ എന്ന കൊള്ളക്കാരനും പിന്നെ ഒരുകൂട്ടം ആളുകളും ചേർന്നുനടത്തിയ നിധിപര്യവേഷണത്തിന്റെ സാഹസികകഥയാണ് സിനിമയുടെ ഇതിവൃത്തം.
ഗ്രിഗറി പെക്ക്, ഒമർ ഷരീഫ് തുടങ്ങിയ വൻ താരനിര അണിനിരന്ന ‘മക്കെന്നാസ് ഗോൾഡ്’ നിരൂപകർക്കിടയിലും അമേരിക്കൻ ബോക്സോഫീസിലും വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ചിത്രത്തിന്റെ ഇന്ത്യൻ തീയറ്ററുകളിലെ വിജയഗാഥ അത്ഭുതാവഹമാണ്. ജുറാസിക് പാർക്കും ടൈറ്റാനിക്കും ഇറങ്ങുന്നതുവരെ മക്കെന്നാസ് ഗോൾഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് പണംവാരിപ്പടമായി നിലകൊണ്ടു. തെക്കുപടിഞ്ഞാറൻ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളും മലഞ്ചെരിവുകളും മനോഹരമായി പകർത്തി വച്ച സിനിമ പിന്നീട് ഹിന്ദിയിൽ വന്ന ഒട്ടനവധി ബണ്ഡിറ്റ് ചിത്രങ്ങൾക്ക് പ്രചോദനമായി.
മക്കെന്നാസ് ഗോൾഡിന്റെ തീം സോങ്ങായ ഓൾഡ് ടർക്കി ബസഡ്, സിനിമയുടെ മൊത്തം മൂഡ് സെറ്റ് ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. അതോടൊപ്പം തുടക്കത്തിലെ ഏരിയൽ ഷോട്ടുകൾകൂടി ചേരുമ്പോൾ വെള്ളിത്തിരയിൽ വിരിഞ്ഞത് വെസ്റ്റേൺ സിനിമകളിൽ മുമ്പെങ്ങും കാണാത്തവിധം ഗംഭീരമായ ദൃശ്യശ്രാവ്യവിരുന്നാണ്.
P.S. : ചുഴലിപോലെ നാഡീസംബന്ധമായ അസുഖാവസ്ഥയുള്ളവർക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാവുന്ന തരത്തിൽ, സിനിമയിൽ മർമ്മപ്രധാനമായൊരു രംഗമുള്ളതിനാൽ അങ്ങനെയുള്ളവർ അല്പം ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.