എം-സോണ് റിലീസ് – 579
കൂബ്രിക്ക് ഫെസ്റ്റ്-6
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | ഹിഷാം അഷ്‌റഫ് |
ജോണർ | ഡ്രാമ, വാര് |
Humphrey Cobb എഴുതിയ Paths of Glory എന്ന നോവലിന്‍റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം…ഇത് ഒരു വാർ സിനിമ എന്ന് പറയുന്നതിലും ഒരു ആന്റി-വാർ സിനിമ എന്ന് പറയുന്നതാണ് ശരി.
1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മണ്ണിൽ തീർത്ത ട്രഞ്ചുകളിൽ ഒളിച്ചിരുന്ന് ജർമൻ സൈന്യമായി പോരാടുന്ന ഫ്രഞ്ച് സൈനികർ കഠിനമായി യുദ്ധം മൂലം പരിക്കുകൾ പറ്റിയും മാനസിക പിരിമുറുക്കം മൂലവും അവശരാണ്. എങ്ങനെയെങ്കിലും യുദ്ധം അവസാനിച്ച് ജീവനോടെ നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹത്തിലാണ് എല്ലാവരും . എന്നാൽ ഉയർന്ന പട്ടാള ജനറൽമാരുടെ മനസ്സ് അങ്ങനെയായിരുന്നില്ല. ആ അവസ്ഥയിൽ ജർമൻ അധിനിവേശത്തിലുള്ള Anthill എന്ന സ്ഥലം പിടിച്ചെടുക്കാൻ പട്ടാള ജനറൽ കേണലിന് കർശന നിർദ്ദേശം നല്കുന്നു. കേണൽ ശക്തമായി എതിർത്തെങ്കിലും അവസാനം ജനറലിന്‍റെ നിർബന്ധത്തിന് വഴങ്ങി തന്‍റെ റജിമെൻറുമായി ആത്മഹത്യാപരമായ ആ മിഷന് യാത്ര തിരിക്കുന്നു.
യുദ്ധത്തിലെ ഭീകരതയെക്കാളും യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും മാനസികാവസ്ഥയും അവർ അനുഭവിക്കുന്ന വേദനകളും ചിത്രത്തിൽ കാണിച്ചിരിക്കുന്നു.യുദ്ധരംഗത്ത് നിന്ന് അകന്ന് സുരക്ഷിത സ്ഥലത്ത് ജീവിച്ച് കൊണ്ട് സാധാരണ പട്ടാളക്കാരെ അപകട സ്ഥലത്തേക്ക് തള്ളി വിട്ട് സ്വയം അഭിമാനിക്കുന്ന യുദ്ധക്കൊതിയൻമാരായ പട്ടാള ജനറൽമാരുടെയും ബ്യൂറോക്രാറ്റുകളുടേയും മുഖം മൂടി വലിച്ചഴിക്കുന്ന ഒരു ചിത്രമാണിത്. സാധാരണ യുദ്ധ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി യുദ്ധത്തിനെതിരെ ശബ്ദമുയർത്താനാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. പില്ക്കാലത്ത് നിരവധി സംവിധായകർക്ക് പ്രചോദനമായ ഈ ചിത്രത്തിന്‍റെ റി സ്റ്റോർ ചെയ്ത വേർഷൻ 2004ൽ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.