Pawn Sacrifice
പോൺ സാക്രിഫൈസ് (2014)

എംസോൺ റിലീസ് – 2404

Download

2089 Downloads

IMDb

7/10

സർഗാത്മകതയും ഉൻമാദവും തമ്മിലുള്ള അതിർ വരമ്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്.ബോബി ഫിഷർ എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് തോന്നും. ബോബി ഫിഷറിന്റെ ജീവിതത്തെയും ലോക ചാമ്പ്യൻ റഷ്യയുടെ ബോറിസ് സ്പാസ്ക്കിയുമായുള്ള അദ്ദേഹത്തിന്റെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ഉദ്വേഗജനകമായ സംഭവ വികാസങ്ങളെയും വെള്ളിത്തിരയിൽ എത്തിച്ച 2014 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ‘പോൺ സാക്രിഫൈസ്’.
സംവിധാനം Edward Zwick. സ്‌പൈഡർ-മാൻ ഫെയിം Tobey Maguire ബോബി ഫിഷറെ അവതരിപ്പിക്കുന്നു.

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടം. സോവിയറ്റ് യൂണിയൻ ചെസ്സ് ലോകം അടക്കിഭരിച്ച് കൊണ്ടിരിക്കുന്നു. അമേരിക്കക്ക് കാര്യമായ വിജയങ്ങൾ ഒന്നും അവകാശപ്പെടാനില്ല. അങ്ങനെയിരിക്കേ ബോബി ഫിഷർ എന്ന കൗമാരതാരം അമേരിക്കയിൽ ഉദയം ചെയ്യുന്നു. “ഈ നൂറ്റാണ്ടിന്റെ ഗെയിം” എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ഗെയിമിലൂടെ അമേരിക്കൻ മാസ്റ്ററായ ഡോണാൾഡ് ബേണിനെതിരെ ബോബി നേടിയ വിജയം വളരെ ശ്രദ്ധിക്കപ്പെടുന്നു. പിന്നീട് കാൻഡിഡേറ്റ് മത്സരങ്ങളിൽ വിജയിച്ച് ബോബി ലോക ചാമ്പ്യൻ ഷിപ്പിൽ ബോറിസ്സ്സ്പാക്കിയെ നേരിടാൻ തയ്യാറാകുന്നു. എന്നാൽ പാരനോയിയ അടക്കമുള മാനസിക പ്രശ്നങ്ങൾ ഉള്ള ബോബിയുടെ കിറുക്കൻ പെരുമാറ്റങ്ങൾ സംഘാടകർക്ക് തലവേദനയാകുന്നു. തന്റെ വിചിത്രമായ പെരുമാറ്റ രീതികളിലൂടെ ഈ ചെസ്സ് ജീനിയസ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ചെസ്സ് ബോർഡിലേക്ക് ആവാഹിക്കുന്നു. പൊടുന്നനെ മത്സരത്തിന് റഷ്യയും അമേരിക്കയും തമ്മിലുള്ള മൂന്നാം ലോക മഹായുദ്ധത്തിന്റെ അവേശം കൈവരുന്നു. ഇരു രാഷ്ട്രത്തലവൻമാർ അടക്കം ഇതിൽ ഭാഗഭാക്കാക്കുന്നു. ശേഷം എന്ത് സംഭവിക്കും?

നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ദി ക്വീൻസ് ഗ്യാംബിറ്റ് എന്ന പരമ്പരയിലെ ബത്ത് ഹാർമ്മനെ നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ? ഇത് റിയൽ ലൈഫ് ഹാർമന്റെ കഥയാണ് .ചെസ്സ് അറിയാത്തവർക്കും ആസ്വദിച്ചും ത്രില്ലടിച്ചും കാണാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് പോൺ സാക്രിഫൈസ്.