എം-സോണ്‍ റിലീസ് – 2574
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Anand Gandhi |
പരിഭാഷ | ജെ ജോസ് |
ജോണർ | ഡ്രാമ |
“തെസിയസിന്റെ കപ്പല്‍” എന്ന പ്രശസ്തമായ ചിന്താപരീക്ഷണത്തെ അധികരിച്ച് ആനന്ദ് ഗാന്ധി ഒരുക്കിയ ആന്തോളജി സിനിമ.
തെസിയസിന്റെ കപ്പലിലെ പലകകള്‍.
കേടുമൂലം ഒന്നൊന്നായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ മാറ്റിവച്ച് മാറ്റിവച്ച്, അവസാനം എല്ലാ പലകകളും പുതിയവയായി. എങ്കിലത് പഴയ അതേ കപ്പല്‍ തന്നെയാണോ? അതോ പുതിയ പലകകള്‍ ഉപയോഗിച്ച പുതിയ കപ്പലോ?
ഇതാണ് തെസിയസിന്റെ കപ്പല്‍ എന്ന ചിന്താപരീക്ഷണം. ഇതേ ആശയം, അവയവമാറ്റത്തിലേക്ക് കൊണ്ടുവന്നാല്‍, മാറ്റിവയ്ക്കപ്പെടുന്ന അവയവങ്ങള്‍ ചേര്‍ന്ന്, വ്യക്തി പുതിയൊരാളാവുകയാണോ എന്നൊരു ചിന്തയാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്.
അവയവദാനത്തിന്റെ പശ്ചാത്തലത്തിലുള്ള മൂന്ന്‍ ഉപകഥകളുടെ സമാഹാരമാണ് ഈ സിനിമ. കാഴ്ചയില്ലാത്ത ഒരു ഫോട്ടോഗ്രാഫറുടെ, കോര്‍ണിയ ട്രാന്‍സ്പ്ലാന്റിന് മുന്‍പും പിന്‍പുമുള്ള ജീവിതമാണ് ആദ്യഭാഗം. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍, തന്റെ വിശ്വാസസംഹിതകള്‍ക്കെതിരായ അവയവമാറ്റം നടത്തണം എന്ന നില വരുമ്പോള്‍, മൈത്രേയന്‍ എന്ന ജൈനസന്യാസി അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ് രണ്ടാം ഭാഗത്തില്‍. അവയവ റാക്കറ്റിന്റെ ചൂഷണത്തിനിരയായ വ്യക്തിയെ സഹായിക്കാന്‍ അവിചാരിതമായി രംഗത്തിറങ്ങേണ്ടിവരുന്ന ഒരു സ്റ്റോക്ക് ബ്രോക്കറുടെ കഥയാണ് മൂന്നാമത്തേത്. അടിമുടി ഫിലോസഫിക്കലായ, ഒരു സമാന്തരസിനിമ.