Stardust
സ്റ്റാർഡസ്റ്റ് (2007)

എംസോൺ റിലീസ് – 2949

Download

3753 Downloads

IMDb

7.6/10

രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കാത്തവരായി ആരുമുണ്ടാവില്ല. നമ്മൾ നക്ഷത്രങ്ങളെ നോക്കുന്നതുപോലെ നക്ഷത്രങ്ങൾ നമ്മളെയും നോക്കുന്നുണ്ടെങ്കിലോ? അങ്ങനെയുള്ള ഒരു ലോകത്തിന്റെ കഥയാണ് നീൽ ഗെയ്മാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാത്യു വോൺ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്.

നീളമുള്ള ഒരു മതിലിന്റെ സമീപം സ്ഥിതി ചെയ്യുന്നതുകൊണ്ട് മതിൽ എന്ന പേര് കിട്ടിയ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ആ മതിലിനപ്പുറം ഒരു മാന്ത്രിക ലോകം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആരും അങ്ങോട്ട് കടക്കാതിരിക്കാൻ ആ മതിലിൽ ഉള്ള വിടവിന് മുൻപിൽ ഒരു കാവൽക്കാരൻ എപ്പോഴും ഉണ്ടായിരിക്കും. ഒരിക്കൽ ഡൻസ്റ്റൻ തോൺ എന്ന യുവാവ് ആ കാവൽക്കാരനെ പറ്റിച്ച് ആ മതിൽ കടന്ന് ആ മാന്ത്രിക ലോകത്തിലേക്ക് കടന്നു. അവിടെയുള്ള ഒരു ചന്തയിൽ വെച്ച് ഒരു മന്ത്രവാദിനിയുടെ അടിമയായി മാറിയ ഒരു രാജകുമാരിയെ അവൻ കണ്ടുമുട്ടി. ആ രാത്രി ഒന്നിച്ചു കഴിഞ്ഞ ശേഷം അവൻ തിരികെ അവന്റെ ഗ്രാമത്തിലേക്ക് പോവും. 9 മാസങ്ങൾക്ക് ശേഷം മതിലിന്റെ കാവൽക്കാരൻ അവന്റെ കയ്യിൽ ഒരു കുഞ്ഞിനെ കൊണ്ട് ഏൽപ്പിക്കും, അവൻ ഡൻസ്റ്റന്റെ മകനാണെന്നും അവന്റെ പേര് ട്രിസ്റ്റൻ എന്നാണെന്നും അറിയിക്കും. തന്റെ ഭൂതകാലത്തെപ്പറ്റി ഒന്നും അറിയാതെ ട്രിസ്റ്റൻ വളരും. 18 വർഷങ്ങൾക്ക് ശേഷം യുവാവായ ട്രിസ്റ്റൻ താൻ എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ശ്രമിച്ചിട്ടും തന്നെ അവഗണിക്കുന്ന വിക്ടോറിയ എന്ന പെൺകുട്ടിയുടെ പ്രണയം പിടിച്ചു പറ്റാൻ വീണ്ടും വീണ്ടും ശ്രമിക്കുന്നു. ഒരു ദിവസം രാത്രി വീണ്ടും പ്രണയാഭ്യർത്ഥനയുമായി വിക്ടോറിയയെ കാണാൻ ചെന്ന ട്രിസ്റ്റൻ അവൾക്കായി എന്തും ചെയ്യുമെന്ന് പറയുന്നു. അതേസമയം ഒരു നക്ഷത്രം ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് പതിക്കുന്നത് രണ്ടുപേരും കാണുന്നു. അവൾക്കുവേണ്ടി വേണമെങ്കിൽ ആ നക്ഷത്രം കൊണ്ട് കൊടുക്കാം എന്ന് ട്രിസ്റ്റൻ പറയുന്നു. അങ്ങനെ ഭൂമിയിൽ വീണ നക്ഷത്രം കണ്ടെത്താനായി മതിൽ കടന്ന് ആ മാന്ത്രിക ലോകത്തേക്ക് പോവുന്ന ട്രിസ്റ്റന്റെ യാത്ര ബാക്കി സിനിമയിൽ കാണാം.