എം-സോണ്‍ റിലീസ് – 2329
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Lee Hancock |
പരിഭാഷ | ഗിരി പി എസ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് |
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.”
ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍.
ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു പോയ അച്ഛനും അവരാണ് 17 വയസ്സുകാരന്‍ മൈക്കിളിന്റെ മാതാപിതാക്കള്‍. സാമാന്യത്തില്‍ കൂടുതല്‍ ഉയരവും വണ്ണവുമുള്ള മൈക്കിളിനെ എല്ലാവരും തമാശയായി ബിഗ് മൈക്ക് എന്നാണ് വിളിക്കുന്നത്. എങ്ങനെ എങ്കിലും ഉത്തരവാദിത്വം ഒഴിവാക്കാനായി മൈക്കിളിനെ അവന്റെ അപ്പന്റെ സ്‌നേഹിതന്‍ വെള്ളക്കാര്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ കൊണ്ടുവരുന്നു. അവന്റെ കായികമായ കഴിവുകളില്‍ ആകൃഷ്ടനായ സ്‌കൂളിലെ സ്‌പോര്‍ട്‌സ് അധ്യാപകന്‍ മൈക്കിളിന് അവിടെ പ്രവേശനം കൊടുക്കുന്നു. എന്നാല്‍ തൊലിനിറം കൊണ്ടു മാത്രമല്ല, ബുദ്ധിയുടെയും അറിവിന്റെയും അഭാവം കൊണ്ടും മൈക്കിള്‍ അവിടെ ഒറ്റപ്പെടുന്നു. ആകെ അവനു കൂട്ടായി വരുന്നത് SJ എന്നു വിളിക്കുന്ന ഒരു കുഞ്ഞു ബാലനാണ്.
തണുപ്പുള്ള ഒരു രാത്രിയില്‍ എങ്ങും പോകാനില്ലാതെ വഴിയില്‍ നില്‍ക്കുന്ന മൈക്കിളിനെ കാണുന്ന SJ-യുടെ അമ്മ ലീ ആന്‍, അവനെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നു. അങ്ങനെ മൈക്കിളിനു താമസിക്കുവാനായി അവരുടെ ഭവനവും അവനെ സ്‌നേഹിക്കുവാനായി അവരുടെ ഹൃദയവും തുറക്കുന്നതിലൂടെ അവരുടെ കുടുംബത്തിലും, മൈക്കിളിന്റെ ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ കഥ പറയുന്നു ചിത്രം.
തീര്‍ത്തും നിരാശാജനകമായ ഒരു ജീവിതത്തിലേക്കാണ് മൈക്കിള്‍ ജനിച്ചു വീണതും,വളര്‍ന്നു വന്നതും. എന്നിട്ടും ആരോടും പകയോ വിദ്വേഷമോ പുലര്‍ത്താതെ മൈക്കിള്‍ എല്ലാവരെയും സ്‌നേഹിക്കുന്നു, എല്ലാവരോടും ക്ഷമിക്കുന്നു. അവനു ചുറ്റും തെറ്റുകളുടെ ഒരു ലോകം വളരുമ്പോഴും, ആ ലോകം സുഖകരമായ ഒരു ജീവിതത്തിലേയ്ക്ക് അവനെ മാടി വിളിക്കുമ്പോഴും,പാപങ്ങള്‍ നിറഞ്ഞ സൗഹൃദങ്ങള്‍ ഒഴിവാക്കി നന്മ തേടി പോകുന്ന മൈക്കിള്‍ നമുക്കെല്ലാവര്‍ക്കും മാതൃകയാണ്. നന്മയുള്ള സൗഹൃദങ്ങള്‍ എങ്ങനെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു എന്നതിന് ഉത്തമ സാക്ഷ്യമാണ് ദി ബ്ലൈന്‍ഡ് സൈഡ് എന്ന ചിത്രം.