എം-സോണ് റിലീസ് – 2581
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Cronenberg |
പരിഭാഷ | ശ്രീകാന്ത് കാരേറ്റ് |
ജോണർ | ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ |
നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി നൊടിയിട കൊണ്ട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും.
ടെലിപോർട്ടേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കേതം ക്വാണ്ടം തലത്തിൽ ഇൻഫർമേഷനുകളെ ടെലിപോർട്ട് ചെയ്യുന്നതിൽ വിജയിച്ചു എന്നതൊഴിച്ചാൽ, ശാസ്ത്രത്തിന് ഇപ്പോഴും ഒരു കീറാമുട്ടിയാണ്.
വലിയ വസ്തുക്കളുടെ ടെലി പോർട്ടേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴും സയൻസ് ഫിക്ഷൻ സിനിമകളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ഭാവന സ്ഥാനം പിടിച്ചിട്ടുണ്ട്.
ഡേവിഡ് ക്രോനെൻ ബർഗ് സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ “ദ ഫ്ലൈ” എന്ന ചലച്ചിത്രം 1958 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക്ക് ആണ്.
ടെലിപോർട്ടേഷൻ സാധ്യമാക്കുന്ന ഒരു മെഷീൻ കണ്ടെത്തുന്ന സേത്ത് ബ്രണ്ടൽ ആണ് സിനിമയിലെ മുഖ്യ കഥാപാത്രം. ടെലി പോർട്ടേഷന് സ്വയം വിധേയനാകുന്ന സേത്തിന്റെ ശ്രദ്ധയിൽ പെടാതെ ഒരു ഈച്ച ടെലി പോഡിനുള്ളിൽ അകപ്പെടുന്നു. പോഡിനുള്ളിൽ 2 തരം ജീൻ പാറ്റേണുകൾ കണ്ട് ആശയ കുഴപ്പത്തിലായ കംപ്യൂട്ടർ സേത്തിന്റെയും ഈച്ചയുടേയും ജീനുകളെ തൻമാത്രാ തലത്തിൽ സംയോജിപ്പിക്കുന്നു. തുടർന്നുണ്ടാകുന്ന സേത്തിന്റെ ജീവിതത്തിന്റെ സംഭവ ബഹുലമായ ചിത്രീകരണമാണ് സിനിമ.
കംപ്യൂട്ടർ ഗ്രാഫിക്സുകളുടെ ശൈശവ കാലത്ത് മേക്കപ്പിലൂടെയാണ് ഇതിലെ ഇഫക്ടുകൾ മിക്കതും സാധ്യമാക്കിയത്.അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിലും ഈ സിനിമ നമുക്ക് അത്ഭുതങ്ങൾ സമ്മാനിക്കും. ചമയത്തിനുള്ള ഓസ്കാറും സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ തത്വദീക്ഷയില്ലാത്ത ഉപയോഗത്തിനെതിരെ വിരൽ ചൂണ്ടുന്ന ഈ സിനിമ എക്കാലത്തേയും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നാണ്.