എം-സോണ്‍ റിലീസ് – 949
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Sturges |
പരിഭാഷ | രാജീഷ് വി വി |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി |
ഒരു സംഭവകഥയെ ആസ്പദമാക്കി രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ് ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘The Great Escape’. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ നടൻ സ്റ്റീവ് മക് ഖ്വീനും ബ്രിട്ടീഷ് അഭിനേതാവും പിന്നീട് ‘ഗാന്ധി’ എന്ന ചിത്രത്തിലൂടെ നമുക്കേവർക്കും സുപരിചിതനായ റിച്ചാർഡ് ആറ്റൻബ്രോയും ഒന്നിച്ചഭിനയിച്ച സിനിമ.
വളരെ പതുക്കെ ബിൽഡ് ആയി വരുന്ന കഥാസന്ദർഭങ്ങൾ കൊണ്ട് ഉദ്വേഗം ജനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു സംവിധായകന്. ഇതൊരു ‘നാച്ചുറൽ ക്ലാസ്സിക്’ ആയിട്ടാണ് സിനിമ ലോകം വിലയിരുത്തുന്നത്. 250 തടവുകാരെ തുരങ്കങ്ങളിൽ കൂടി പുറത്തു കടത്തി നാസി സൈനികരുടെ ശ്രദ്ധ അവരെ പിടികൂടുന്നതിലേക്ക് തിരിക്കാനുള്ള തന്ത്രമാണ് കഥ. ഈ കഥയുടെ രചയിതാവായ പോൾ ബ്രിക്ക് ഹിൽ അക്കാലത്തെ ഒരു യുദ്ധതടവുകാരനായിരുന്നു. നാസി ഭീകരതയെ പറ്റി ഒന്നും ചിത്രം വലുതായി ചർച്ച ചെയ്യുന്നില്ലെങ്കിലും ഒരു മിഷന് വേണ്ടുന്ന പ്ലാനിംഗ് എന്നിവയൊക്കെ കാണിച്ചിരിക്കുന്നു. യാഥാർത്യത്തിൽ നിന്നും അല്പം മാറിയാണ് സിനിമ സഞ്ചരിക്കുന്നത്.
ഇതൊരു വാർ മൂവി അല്ല. പക്ഷെ, ഒരു ‘escape plan’ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ വൃത്തിയായി തന്നെ കാണിച്ചിരിക്കുന്നു. സ്ലോ ബില്ഡ് അപ്പ് ഇഷ്ടപ്പെടുന്നവർക്ക് ചിത്രം ബോധിക്കും.