The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011)
Stick Man / സ്റ്റിക് മാൻ (2015)
എം-സോണ് റിലീസ് – 911
അനിമേഷൻ ഫെസ്റ്റ് – 01
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Max Lang, Jakob Schuh |
പരിഭാഷ | രാജൻ കെ. കെ |
ജോണർ | അനിമേഷൻ, ഷോർട്ട്, ഫാമിലി |
ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ ‘ഗ്രഫലോ ‘ എന്ന 27 മിനിറ്റ് മാത്രമുള്ള ചെറിയ ബ്രിട്ടീഷ് – ജർമൻ അനിമേഷൻ സിനിമ. ഇപ്പോഴും നെറ്റ് ഫ്ലിക്സിലും ആമസോൺ പ്രൈമിലും സൂപ്പർ ഹിറ്റായ ഈ കൊച്ചു സിനിമ ബുദ്ധിമാനായ ഒരു എലിയുടെ കഥയാണ്.
രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മ ഒരു കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ആഖ്യാനം. ഭക്ഷണമന്വേഷിച്ച് ഒരു കൊടും കാട്ടിലൂടെ യാത്ര പോകുന്ന കഥാനായകനായ എലി, അവനെ തിന്നാ നായി വരുന്ന മൂന്ന് വന്യ ജീവികളിൽ നിന്ന് (ഒരു കുറുക്കൻ, ഒരു മൂങ്ങ, ഒരു പാമ്പ്) രക്ഷനേടാനായി ഗ്രഫലോ എന്ന ഒരു സാങ്കൽപ്പിക ജീവിയെപ്പറ്റി പറഞ്ഞ് അവരെ പറ്റിക്കുന്നു. ഗ്രഫലോയുടെ ഇഷ്ടഭക്ഷണം അതാത് ജീവികളാണെന്ന് അവൻ അവരോരോരുത്തരെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഭയന്നുപോയ മൂവരും എലിയെ വിട്ട് ഓടിപ്പോകുന്നു. തന്റെ ബുദ്ധിശക്തിയിൽ അഭിമാനത്തോടെ യാത്ര തുടരുന്ന എലിയുടെ മുമ്പിൽ പെട്ടെന്ന് ഒരു ഭീകര രൂപം പ്രത്യക്ഷപ്പെടുന്നു. താൻ വിവരിച്ച അതേ രൂപത്തിലും ഭാവത്തിലുമുള്ള ഒരു ഗ്രഫലോ. എലിക്കുട്ടൻ ഗ്രഫലോയുമായി ചങ്ങാത്തത്തിലാകുമോ അതോ ഗ്രഫലോ എലിയെ ഭക്ഷണമാക്കുമോ?
ബാഫ്റ്റ നോമിനേഷനും അക്കാദമി അവാർഡും നേടിയ ഈ ചെറു സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ഷഹും മാക്സ് ലാംഗും ചേർന്നാണ്.
The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011)
2009 ൽ റിലീസായ ഗ്രഫലോ എന്ന ചെറു ആനിമേഷൻ സിനിമയുടെ തുടർച്ചയായാണ് 2011-ൽ ‘ഗ്രഫലോസ് ചൈൽഡ്’ എന്ന ബ്രിട്ടീഷ് – ജർമൻ അനിമേഷൻ സിനിമ ഇറങ്ങിയത്. മുപ്പത് മിനിട്ടാണ് ദൈർഘ്യം. ജോഹാൻസ് വെയിൽ, യുവെ ഹെയ്ഡ്സ് ഷോട്ടർ എന്നിവർ ചേർന്നാണ് സംവിധാനം .
വികൃതിയായ മകളെ ഗുഹയിൽ അടക്കി നിർത്താൻ ഗ്രഫലോ മകളോട് പണ്ട് താൻ വളരെ ഭയന്നിരുന്ന വലിയ, ദുഷ്ടനായ എലിയെപ്പറ്റി പൊടിപ്പും തൊങ്ങലും ചേർത്ത് വർണ്ണിക്കുന്നു. പുറംലോകത്തേക്ക് ഇറങ്ങാൻ ഉത്സുകയായ ഗ്രഫലോയുടെ മകൾ അച്ഛൻ കൂർക്കം വലിച്ചുറങ്ങുന്ന ഒരു ശൈത്യകാല ദിവസം ആ ‘വമ്പൻ ദുഷ്ടൻ എലി’യെ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ അവൾ കുറുക്കൻ, മൂങ്ങ, പാമ്പ് എന്നിവരെ കണ്ടുമുട്ടുന്നു. താൻ ഭയന്ന പോലെയുള്ള ഒരു വമ്പൻ എലി’ എന്ന ഒരു കഥാപാത്രം ഇല്ലെന്ന് അവൾ മനസ്സിലാക്കുന്നു. തിരിച്ചുപോകാൻ ഒരുങ്ങുന്ന അവൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു എലിക്കുഞ്ഞിനെ കാണുന്നു. പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണുക.
Stick Man / സ്റ്റിക് മാൻ (2015)
ഒരു വൃക്ഷത്തിലെ തന്റെ വീട്ടിൽ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം ജീവിക്കുകയായിരുന്ന കമ്പ് മനുഷ്യൻ (സ്റ്റിക് മാൻ) ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയതായിരുന്നു. അവിടെ വച്ച് യാദൃച്ഛികമായി ഒരു പട്ടിയുടെ വായിലകപ്പെടുന്ന സ്റ്റിക് മാൻ പിന്നീട് പലരുടെയും കയ്യിലൂടെ കൈമറിഞ്ഞ്, തന്റെ കുടുംബവൃക്ഷത്തിൽ നിന്ന് വളരെ അകലെയാകുന്നു.
ക്രിസ്മസിനു മുമ്പ് വീട്ടിലെത്താനായി തന്റെ മടക്കയാത്ര ആരംഭിക്കുന്ന സ്റ്റിക് മാനെ സഹായിക്കാൻ ആരാണെത്തുന്നത്? കമ്പ്മനുഷ്യൻ വീടെത്തുമോ ?
കുടുംബബന്ധങ്ങളുടെയും നന്മയുടെയും പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതാണ് ഈ കുഞ്ഞ് അനിമേഷൻ സിനിമ.