എം-സോണ്‍ റിലീസ് – 74
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Scorsese |
പരിഭാഷ | അരുണ്‍ ജോർജ് ആന്റണി |
ജോണർ | ഡ്രാമ |
1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. ഗ്രീക്ക് എഴുത്ത്കാരനായ നിക്കോസ് കസസന്‍സക്കിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ട്ടിന്‍ സ്കോര്‍സസേ. ബൈബിള്‍ അടിസ്ഥാനമാക്കി അനേകം ചലച്ചിത്രങ്ങള്‍ ലോകമെമ്പാടുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ആശയപരമായും, ആഖ്യാനശൈലികൊണ്ടും ഇത് അവയില്‍ നിന്നെല്ലാം ഏറെ വേറിട്ട്‌നില്‍ക്കുന്നു. കലാമൂല്യംവച്ച് നോക്കിയാല്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട സമാന ചലച്ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് ഇതിന്റെ സ്ഥാനം. ഒറ്റനോട്ടത്തില്‍ അതിസൂക്ഷ്മമായ പാത്രസൃഷ്ടി, അഭിനയം,സാങ്കേതികതികവ് പ്രത്യേകിച്ച് ഇതിന്റെ കാമറ/എഡിറ്റിംഗ്, കലാസംവിധാനം എന്നിവയാണ് ഈ സിനിമയുടെ ഹൈലൈറ്റ്സ്. ഒപ്പംതന്നെ ഇതിന്റെ ഉള്ളടക്കവും പ്രധാനം തന്നെ.
യേശു ദൈവപുത്രനും അമാനുഷികനുമാണ് എന്നുള്ള വിശ്വാസത്തിലദ്ടിഷ്ടിതമായ പരമ്പരാഗതകീഴ്‌വഴക്കങ്ങള്‍ നിമിത്തം യേശു കഥാപാത്രമായി വരുന്ന ഏറെക്കുറെ എല്ലാ ചലച്ചിത്രങ്ങളിലും അദ്ദേഹത്തിന് സ്ഥായിയായ ഒരു വ്യക്തിത്വം ഉണ്ടാകാറില്ല. നിര്‍വികാരത്വം, അതീവ സഹനശക്തി, വിനയാന്വിതന്‍, മൃദുഭാഷി, നല്ലത് മാത്രം പറയുന്നവന്‍ തുടങ്ങി സ്വയം ബാലിയാടാകാന്‍ ഒരാള്‍ക്കു വേണ്ട എല്ലാ ക്ലീഷേകളുടെയും അകമ്പടിയോടെ മാത്രമേ
ഇതുവരെ ഉള്ള എല്ലാ ബൈബിള്‍ ദൃശ്യാവിഷ്കാരങ്ങളിലും യേശു പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അതിനെല്ലാം ഒരു അപവാദം എന്ന നിലയിലുള്ളതാണ് യേശു മനുഷ്യനായി ജനിച്ചുവെങ്കില്‍ ആ യേശുവിന് തന്നില്‍ കുടികൊള്ളുന്ന ദൈവസത്തക്ക് ഒപ്പം മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ കൂടെ ഉണ്ടായിരിക്കണം എന്ന ആശയത്തിലൂന്നിയുള്ള ഈ ചലച്ചിത്രം. യേശുവും മഗ്ദലേന മറിയവും തമ്മിലുള്ള ബന്ധത്തെ പ്രതിയായിരിക്കും ഏതൊരു ബൈബിള്‍ അതിഷ്ഠിത വിവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം എന്നതിനാല്‍ തന്നെ സാമാന്യം വിശ്വാസികളും ഈ ചലച്ചിത്രത്തെ അത്തരം ഒരു വെളിച്ചത്തില്‍ തന്നെയായിരിക്കും നോക്കിക്കാണുക, പ്രത്യേകിച്ച് ലൈംഗികതയെ കുറിച്ച് വളരെ അടഞ്ഞ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നവര്‍. എന്നാല്‍ അത്തരം ഒരു ആരോപണത്തിന് ഇവിടെ അടിസ്ഥാനമില്ല, കാരണം ഇത് അത്തരം ഒരു ബന്ധത്തിലൂന്നുന്ന സിനിമയല്ല. ഇവിടെ യേശു എന്ന മനുഷ്യന്റെ വ്യക്തി ബന്ധങ്ങള്‍ , ഉത്കണ്ഠകള്‍, ഭയപ്പാടുകള്‍, ആശയക്കുഴപ്പങ്ങള്‍, എന്നിവയാണ് വിഷയമാക്കിയിരിക്കുന്നത്. മുന്‍വിധികള്‍ ഇല്ലാതെ ഈ സിനിമയെ സമീപിക്കുന്നവര്‍ക്കും, അതുപോലെ തന്നെ നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കും ഇതിലെ മനുഷ്യനായ യേശുവിനെ ആസ്വദിക്കുവാന്‍ സാധിക്കും എന്നതില്‍ സംശയമില്ല