എം-സോണ് റിലീസ് – 762
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Jackson |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ഡ്രാമ, ആക്ഷൻ, അഡ്വഞ്ചർ, ഫാന്‍റസി |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2003ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന നോവലിലെ രണ്ടും മൂന്നും വാല്യങ്ങൾ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ. രണ്ടാം സിനിമ അവസാനിച്ചിടം തൊട്ടാണ് ഇതിലെ കഥ ആരംഭിക്കുന്നത്. സോറോൺ മദ്ധ്യ ഭൂമിയെ കീഴടക്കുന്നതിനുള്ള അവസാന ഘട്ടങ്ങൾ നടപ്പിലാക്കുന്നു. ഗാൻഡാൾഫ് എന്ന മാന്ത്രികനും റോഹനിലെ രാജാവ് തിയോഡെനും ഗോണ്ടോറിന്റെ തലസ്ഥാനം മിനസ് ടിറിന്തിനെ ആക്രമണത്തിൽനിന്ന് പ്രതിരോധിക്കാൻ സൈന്യവുമായി പുറപ്പെടുന്നു. ഗോണ്ടോറിന്റെ രാജാവകാശം നേടിയ അറഗോൺ സോറോണിനെ തോല്പിക്കാൻ ഒരു ആത്മാക്കളുടെ സൈന്യത്തിന്റെ സഹായം തേടുന്നു. ഒടുവിൽ എത്ര വലിയ സൈന്യ ശക്തികൊണ്ടും സോറോണിനെ തോൽപിക്കാനാവില്ല എന്ന് അവർ മനസ്സിലാക്കുന്നു. അങ്ങനെ മോതിരത്തിന്റെ ഭാരവും ഗോളത്തിന്റെ ചതിയും സഹിച്ച് ഒടുവിൽ മോതിരം മോർഡോറിലെ മൗണ്ട് ഡൂമിലിട്ട് നശിപ്പിക്കുവാനുള്ള ദൗത്യം ഫ്രോഡോയുടേതും സാമിന്റേതുമാകുന്നു. ഡിസംബർ 17, 2003ൽ പുരത്തിറങ്ങിയ ചിത്രം നിരൂപകരാൽ ഏറ്റവുമധികം പ്രശംസിക്കപ്പെട്ടതും എല്ലാക്കാലത്തേയും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയതുമായ ചിത്രങ്ങളിൽ ഒന്നായി മാറി. നാമനിർദ്ദേശം ചെയ്യപ്പെട്ട എട്ട് ഓസ്കാർ അവാർഡുകളും ഇതിന് ലഭിച്ചു. അതോടെ ഓസ്കാറുകളുടെ എണ്ണത്തിൽ ഈ സിനിമ ടൈറ്റാനിക്കിനും ബെൻ ഹറിനുമൊപ്പം ഒന്നാം സ്ഥാനത്തെത്തി. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ഒരേയൊരു ഫാന്‍റസി സിനിമയാണ് റിട്ടേൺ ഓഫ് ദ കിങ്.