The Man with the Golden Gun
ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)

എംസോൺ റിലീസ് – 1932

ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്‍ട്ടണ്‍ സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.
ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ കോഡായ 007 കൊത്തിയ ഒരു സുവര്‍ണ തിരയായിരുന്നു. ലോകമൊട്ടാകെ ഭയത്തോടെ കാണുന്ന കുപ്രസിദ്ധ വാടക കൊലയാളി, സുവര്‍ണ തോക്കേന്തിയ മനുഷ്യന്‍ എന്ന ഫ്രാന്‍സിസ്കോ സ്കരമാങ്കയുടെ വിരലടയാളത്തോടെ എത്തിയ ആ തിര എംഐ-6ലെ എല്ലാവരുടെയും ഉറക്കം കെടുത്തുന്നു. ചീഫ് എം, ബോണ്ടിനെ എല്ലാ ചുമതലകളില്‍ നിന്നും വിടുതല്‍ ചെയ്ത് അദ്ദേഹത്തോട് അവധിയില്‍ പോകാനാവിശ്യപ്പെടുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കരമാങ്കയെ കണ്ടെത്തേണ്ടത് ആവിശ്യമെന്ന് മനസിലാക്കിയ ബോണ്ട് അയാളെ തിരഞ്ഞ് ഹോങ്കോങ്ങിലെത്തുന്നു.
നായകനോളം അല്ലെങ്കില്‍ നായകനേക്കാള്‍ ഒരു പടി മുന്നിലാണ് എന്നും ബോണ്ട് സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍. അതു പോലെ തന്നെ ബോണ്ടിനൊപ്പം ചിലയിടങ്ങളില്‍ ബോണ്ടിനേക്കാള്‍ കൂടുതല്‍ തിളങ്ങുന്ന വില്ലന്‍ വേഷമാണ്, മുമ്പുണ്ടായ ബോണ്ട് സിനിമകളില്‍ നിന്ന് മാന്‍ വിത് ദ് ഗോള്‍ഡന്‍ ഗണ്‍ എന്ന സിനിമ, പ്രേക്ഷകരെ പിടിച്ചിരുത്തിയത്. ഇതില്‍ വില്ലനായെത്തുന്നത് ഡ്രാക്കുളയായി ലോകത്തേറ്റവും ജനങ്ങളെ ഭയപ്പെടുത്തിയ ക്രിസ്റ്റഫര്‍ ലീ ആണ്.