The Sea Inside
ദ സീ ഇൻസൈഡ് (2004)
എംസോൺ റിലീസ് – 1229
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | Alejandro Amenábar |
പരിഭാഷ: | ഗായത്രി മാടമ്പി |
ജോണർ: | ബയോപിക്ക്, ഡ്രാമ |
ഒരു ഡൈവിങ് അപകടത്തെ തുടർന്ന് കഴുത്തിനു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ട റമോൺ സാംപെഡ്രോ എന്ന സ്പാനിഷ് വംശജന്റെ ജീവിതകഥയാണ് മാർ അഡെന്ററോ (ദി സീ ഇൻസൈഡ് ).റമോണിനെ ഒരു ബാധ്യതയായി കാണാത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നിട്ടും അങ്ങനെയുള്ള ജീവിതത്തിനു യാതൊരു അർത്ഥവുമില്ല എന്ന അഭിപ്രായകാരനായ റമോൺ ദയാവധത്തിനായി 30 വർഷത്തോളം നിയമവുമായി പോരാടുന്നു. ഒരാളുടെ സഹായത്തോടെയല്ലാതെ അദ്ദേഹത്തിന് മരിക്കാനാവില്ല. അതിനാൽ മരിക്കാൻ സഹായിക്കുന്ന ആളാണ് അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എന്ന് റമോൺ ഒരു കഥാപാത്രത്തോട് പറയുന്നുണ്ട്. അത്രത്തോളം മരണത്തിനായി അദ്ദേഹം കൊതിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില വ്യക്തികൾ ഒരു സുപ്രധാന വഴിത്തിരിവിന് കാരണമാകുന്നു. നോ കൺട്രി ഫോർ ഓൾഡ് മെൻ എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ എല്ലാവർക്കും സുപരിചിതനായ ജാവേർ ബാർഡെമിന്റെ അസാമാന്യ പ്രകടനമാണ് ഈ സിനിമയിലുടനീളം.ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളായി മറ്റുള്ളവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ സിനിമയുടെ പശ്ചാത്തലസംഗീതവും സിനിമാറ്റോഗ്രാഫിയും സിനിമ കാണുന്ന ഏതൊരാളുടെയും മനസ്സിൽ ഇടം പിടിക്കും. 2005ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാറും മാർ അഡെന്ററോയ്ക്ക് ലഭിച്ചിട്ടുണ്ട്.