എം-സോണ്‍ റിലീസ് – 833

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Weir |
പരിഭാഷ | ശരത്ത് മേനോൻ |
ജോണർ | കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ |
പീറ്റർ വിയർ സംവിധാനം ചെയ്ത്, ജിം കാരിയും എഡ് ഹാരിസും പ്രധാന വേഷത്തിൽ അഭിനയിച്ച് 1998 ൽ പുറത്ത് വന്ന ചിത്രമാണു “ദി ട്രൂമാൻ ഷോ”. ആധുനിക ലോകത്തിൽ മനുഷ്യ ജീവിതത്തിൽ ടെലിവിഷൻ അടക്കമുള്ള മാധ്യമങ്ങൾ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നതിൻറ്റെ ഉത്തമ ഉദാഹരണമാണു ഈ ചിത്രം. അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കാനുള്ള സമൂഹത്തിൻറ്റെ താത്പര്യത്തെ റേറ്റിങ്ങിനായി ചൂഷണം ചെയ്യുകയാണു ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ. ഒരു കുഞ്ഞിൻറ്റെ (ട്രൂമാൻ) ജനനം തൊട്ട് നീണ്ട 30 വർഷങ്ങൾ അവനറിയാതെ അവൻറ്റെ ജീവിതം ടിവിയിൽ കൂടി സംപ്രേക്ഷണം ചെയ്ത് ലോകത്തെ കാണിക്കുക്കയാണു ക്രിസ്റ്റോഫ് എന്ന ടി.വി സംവിധായകൻ. ട്രൂമാൻ താമസിക്കുന്ന സീഹേവൻ എന്ന പട്ടണം കോടിക്കണക്കിനു ഡോളർ ചിലവിട്ട് നിർമ്മിച്ച ഒരു സെറ്റ് ആണെന്ന് അവനറിയുന്നില്ല. അവൻറ്റെ അച്ഛനും, അമ്മയും, ഭാര്യയും, സുഹൃത്തുമെല്ലാം ഈ ചാനൽ വാടകയ്ക്കെടുത്ത നടീ നടന്മാരാണു. വർഷങ്ങളായി കാണുന്ന സ്ഥിരം കാഴ്ചകളിൽ ട്രൂമാനു സംശയം ജനിക്കുമ്പോൾ, ഈ സിനിമ ഒരു ത്രില്ലറായി മാറുന്നു. 3 ഓസ്കാർ നോമിനേഷനുകളും 3 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയ ഈ ചിത്രം ജിം കാരിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണു. പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ ആകാംഷ നില നിർത്താൻ സംവിധായകൻ വിജയിച്ചിട്ടുണ്ട്. വ്യത്യസ്ത ചലച്ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രമാണു “ദി ട്രൂമാൻ ഷോ”