എം-സോണ് റിലീസ് – 553
അദ്ധ്യാപക ചലച്ചിത്രോൽസവം-1
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജയിംസ് ക്ലാവൽ |
പരിഭാഷ | നന്ദലാൽ |
ജോണർ | ഡ്രാമ |
‘ടു സർ, വിത്ത് ലൗവ്’ (സാറിന് സ്നേഹപൂർവം). ഇ.ആർ. ബ്രെയ്ത്വെയ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജയിംസ് ക്ലാവൽ നിർമിച്ച ഈ ചലച്ചിത്രം പല രീതിയിലും മറ്റു ഹോളിവുഡ് ചിത്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. ജയിംസ് ക്ലാവൽതന്നെ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കറുത്ത വർഗക്കരനായ സിഡ്നി പോയിറ്റിയറാണു നിറഞ്ഞുനിൽക്കുന്നത്. താക്കറെ എന്ന പേരിലുള്ള ഒരു സ്കൂൾ അധ്യാപകന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഗയാനയിൽ ജനിച്ച താക്കറെ അമേരിക്കയിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദമെടുത്തതിനുശേഷമാണു ലണ്ടനിൽ ജോലിതേടി എത്തിയത്. പക്ഷേ, ലണ്ടനിൽ നല്ലൊരു ജോലി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. മനസില്ലാമനസോടെയാണു ലണ്ടനിലെ ഈസ്റ്റ് എൻഡ് ഭാഗത്തുള്ള ഒരു സ്കൂളിൽ ജോലി ലഭിച്ചപ്പോൾ താക്കറെ അതു സ്വീകരിച്ചത്. അധ്യാപകർക്കു സ്വൈരതയോടെ പഠിപ്പിക്കുവാൻ പറ്റിയ സാഹചര്യമായിരുന്നില്ല ആ സ്കൂളിലേത്. താക്കറെ ജോലി ആരംഭിച്ച ദിവസംതന്നെ ക്ലാസ് അലങ്കോലമാക്കുവാൻ വിദ്യാർഥികൾ ശ്രമിച്ചു. എന്നാൽ, താക്കറെയാകട്ടെ ക്ഷമ നശിക്കാതെ അവരോടു താത്പര്യപൂർവം പെരുമാറി.
ഒരു ദിവസം വിദ്യാർഥികളുടെ ക്ലാസിലെ കളി കുറെ കടന്നുപോയപ്പോൾ താക്കറെയുടെ ക്ഷമ നശിച്ചു. പക്ഷേ, ആ സംഭവത്തിനുശേഷം താക്കറെ ഒരു തീരുമാനത്തിലെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉത്തരവാദിത്വമുള്ള ജീവിതമേഖലകളിലേക്കു കടക്കേണ്ടവരാണവർ. അവരെ പഠിപ്പിക്കേണ്ടതു കണക്കും സയൻസും ഭൂമിശാസ്ത്രവുമൊന്നുമല്ല. പ്രത്യുത, അവർക്കുവേണ്ടതു ജീവിതത്തെക്കുറിച്ചുള്ള അറിവാണ്. അതോടൊപ്പം, മാന്യമായി ജീവിക്കേണ്ടതെങ്ങനെയെന്നുമാണ് അവർ പഠിക്കേണ്ടത്. പരസ്പരവിശ്വാസവും ബഹുമാനവും അടിസ്‌ഥാനതത്ത്വങ്ങളായി സ്വീകരിച്ചുകൊണ്ടു താക്കറെ ശിക്ഷണത്തിന്റെ പുതിയ പാഠശാല ഒരുക്കുകയാണ്…