The Man Without a Past
മാന്‍ വിത്തൗട്ട് എ പാസ്റ്റ് (2002)

എംസോൺ റിലീസ് – 456

സിനിമയില്‍ സ്വതസിദ്ധമായ ശൈലിയും നിലപാടുകളും കൊണ്ട് ശ്രദ്ധേയനാണ്
ഫിന്നിഷ് സംവിധായകനായ അകി കൗറിസ്മാകി. ഏകാകികളും ദരിദ്രരും
താഴ്ന്നവര്‍ഗക്കാരുമായ നായികാനായകന്‍മാര്‍, സ്ഥിരം അഭിനേതാക്കള്‍,
വിഷാദഛായയുള്ളതും എന്നാല്‍ പ്രസാദാത്മകവുമായ അന്തരീക്ഷം, ഇടയ്ക്ക്
പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം, ചിത്രീകരണത്തില്‍ പതിഞ്ഞ കീ ലൈറ്റ്
ഉപയോഗിക്കുന്നതിനാല്‍ ഇരുള്‍ പടര്‍ന്നതും നിഴല്‍ വീണുകിടക്കുന്നതുമായ
ഫ്രെയിമുകള്‍, കറുപ്പിലലിഞ്ഞ് അവസാനിക്കുന്ന സീനുകള്‍, പഴമയുടെ മിശ്രണമുള്ള
ലൊക്കേഷനും അതിനനുസരിച്ച വേഷങ്ങളുള്ള കഥാപാത്രങ്ങളും, അപരിചിതരായ
മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന നന്മയിലധിഷ്ഠിതമായ ആത്മബന്ധം, അധസ്ഥിതരും
നിരാലംബരുമായവരോടുള്ള അനുതാപം, അമ്പതുകളിലും അറുപതുകളിലും വ്യാപകമായിരുന്ന
റോക്ക് എന്‍ റോള്‍ സംഗീതം… അങ്ങനെ ആസ്വാദകര്‍ക്ക് എളുപ്പം
തിരിച്ചറിയാനാവുന്നവയാണ് കൗറിസ്മാകി സിനിമകള്‍..മാന്‍ വിത്തൗട്ട് എ
പാസ്റ്റ് ‘ എന്ന ഈ ചിത്രമാണ് അകി കോറിസ്മാക്കിയെ ലോകശ്രദ്ധയില്‍
കൊണ്ടുവന്നത്.

കവര്‍ച്ചയ്ക്കിടയില്‍ തലയ്ക്കടിയേറ്റ് ഭൂതകാലം
മറന്നുപോകുന്ന ഒരു മധ്യവയസ്‌കനാണ് ഇതിലെ നായകന്‍. സ്വന്തമായി പേരില്ലാത്ത
അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം 2003-ല്‍
‘മാന്‍ വിത്തൗട്ട് എ പാസ്റ്റ്’ ഓസ്‌കാറിനു നോമിനേറ്റ് ചെയ്യപ്പെട്ടങ്കെിലും
ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയാറായില്ല. യുദ്ധക്കൊതിയുള്ള ഒരു
രാജ്യത്ത് ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു
അദ്ദേഹം അറിയിച്ചത്.