എംസോൺ റിലീസ് – 2808
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Nicolas Vanier |
പരിഭാഷ | ഷൈജു എസ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
Cécile Aubryയുടെ Belle et Sébastien എന്ന നോവലിനെ ആസ്പദമാക്കി 2013ൽ Nicolas Vanier സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. 1943ലെ ഫ്രാൻസിലെ ആൽപ്‌സ് പർവ്വതനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജർമൻ അധിനിവേശത്തിലായതിനാൽ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ജൂത്രരെ അതിർത്തി കടത്തി സ്വിട്സർലാൻഡിലേക്ക് കുടിയേറാൻ സഹായിക്കുന്നവരുടെയും, തങ്ങളുടെ ആടുകളെ കൊല്ലുന്ന വന്യമൃഗമെന്ന് കരുതി ഗ്രാമീണർ വേട്ടയാടാനിറങ്ങുന്ന ഒരു പാവം നായയെയും അവളോട് സൗഹൃദം കൂടുന്ന ഒരു ഏഴ് വയസ്സുകാരന്റെയും കഥയാണ് ചിത്രത്തിൽ പ്രധാനമായി പറഞ്ഞു പോകുന്നത്.
പ്രധാന കഥാപാത്രമായ ഏഴ് വയസ്സുകാരൻ സെബാസ്റ്റ്യൻ അവന്റെ വളർത്തു മുത്തച്ഛൻ സിസാറിന്റെയും അദ്ദേഹത്തിന്റെ അനന്തരവൾ ആഞ്ചലീനയുടെയും കൂടെ സെന്റ്-മാർട്ടിൻ എന്ന കൊച്ചു മലയോരഗ്രാമത്തിലാണ് താമസം. ജർമൻ അധിനിവേശത്താലനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിൽ ഗ്രാമീണർക്ക് പുതിയൊരു വെല്ലുവിളി കൂടി നേരിടേണ്ടി വരുന്നു. ഒരു വന്യമൃഗം അവരുടെ ആടുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമീണർ കൂട്ടംചേർന്ന് ആ മൃഗത്തെ വേട്ടയാടാനായി ഇറങ്ങുന്നു. എന്നാൽ അതവരുടെ കണ്ണിൽ പെടുന്നുമില്ല. മിക്ക സമയവും മലനിരകളിൽ ചുറ്റിക്കറങ്ങി നടക്കുന്ന സെബാസ്റ്റ്യൻ ഒരുനാൾ അതിന് മുന്നിൽ ചെന്ന് പെടാനിടയാവുന്നു. ഗ്രാമീണർ പറയുന്നത് പോലെ അതൊരു വന്യമൃഗമായിരുന്നില്ല, ഒരു നായയായിരുന്നു. അതുപോലെ ആടുകളെ കൊല്ലുന്നതും ആ നായയായിരുന്നില്ല. ഇരുവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളാവുന്നു. അവൻ ആ നായ്‌ക്കൊരു പേരുമിട്ടു, ബെൽ.
ബെൽ എങ്ങനെ മലമുകളിലെത്തിപ്പെട്ടു, അവളെ വേട്ടയാടാനിറങ്ങുന്നവരുടെ ദൗത്യം വിജയിക്കുമോ, അതിർത്തി കടക്കുന്ന ജൂതർക്ക് നേരിടേണ്ടി വരുന്ന ആപത്തുകൾ എന്തെല്ലാമായിരിക്കും, തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തുടന്നുള്ള കഥ.
ദൃശ്യഭംഗി കൊണ്ട് ഏവരുടെയും മനംകവരുന്ന ഒരു ചിത്രം തന്നെയാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. കാതിനിമ്പമേറുന്ന പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട ഒരു കാര്യമാണ്.