എം-സോണ്‍ റിലീസ് – 2455
ഭാഷ | നിശ്ശബ്ദ ചിത്രം (ഫ്രഞ്ച്) |
സംവിധാനം | Carl Theodor Dreyer |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആയുധമെടുത്ത് പോരാടിയ ഝാൻസി റാണിയെ നമുക്കെല്ലാർക്കുമറിയാം. എന്നാൽ അതിനും 450 വർഷങ്ങൾക്ക് മുൻപ് സ്വന്തം രാജ്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയതിന്റെ പേരിൽ രക്തസാക്ഷിയായ മറ്റൊരു വനിതയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാൻ ആയുധമെടുത്ത ജോൻ ഓഫ് ആർക് എന്ന ഫ്രഞ്ച് യുവതി. ഫ്രാൻസിന്റെ സ്വാതന്ത്ര്യം തന്റെ ദൗത്യമാണെന്ന് തനിക്ക് വിശുദ്ധ മിഖായേലിന്റെ വെളിപാടുണ്ടായതായി അവകാശപ്പെട്ട ജോൻ, മികച്ചൊരു നേതാവില്ലാതെ വലഞ്ഞിരുന്ന ഫ്രഞ്ച് സൈന്യത്തെ ആൺവേഷത്തിൽ നയിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ആണിന് സാധിക്കാത്തത് പെണ്ണ് ചെയ്തുകാണിച്ചതിന്റെ ഫലമായി പലരുടെയും നീരസത്തിന് പാത്രമാവുകയും ദൈവനിന്ദയുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെടുകയും ചെയ്തു. തന്റെ പേരിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച ജോനെ മതപണ്ഡിതരും ന്യായാധിപരും ചേർന്ന് ചുട്ടുകൊല്ലുമ്പോൾ അവർക്ക് പ്രായം വെറും 19 വയസ്സ് മാത്രമായിരുന്നു.
പിന്നീട് കത്തോലിക്കാസഭ ജോനെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അവർ പ്രചോദനമാവുകയും ചെയ്തു. വിചാരണ നേരിടുന്ന ജോന്റെ അന്ത്യനിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിൽ ഒന്നാണ് ഈ ചിത്രം.