എം-സോണ് റിലീസ് – 2047
ഭാഷ | ഹിന്ദി |
സംവിധാനം | Abbas Alibhai Burmawalla, Mastan Alibhai Burmawalla |
പരിഭാഷ | സുനീർ കബീർ |
ജോണർ | ക്രൈം, ഡ്രാമ, മ്യൂസിക്കൽ |
ബോളിവുഡ് താരം സൽമാൻഖാൻ ഒരിക്കൽ പറഞ്ഞിരുന്നു : “ഞാൻ ബാസിഗർ എന്ന ചിത്രം ചെയ്തിരുന്നെങ്കിൽ ഷാരൂഖ് എന്നയാൾ ബോളിവുഡിലേ ഉണ്ടാവില്ലായിരുന്നു!”. സൽമാൻ ഖാൻ, അക്ഷയ്കുമാർ, അനിൽ കപൂർ, അർബാസ് ഖാൻ തുടങ്ങി തൊണ്ണുറുകളിലെ പ്രധാന നടൻമാർ എല്ലാം നിരസിച്ച വേഷമായിരുന്നു ബാസിഗർ ലെ അജയ് ശർമ. ഒടുവിൽ ആ റോൾ ചെയ്യാൻ സമ്മതിച്ചത് ഷാരുഖ് ആയിരുന്നു. അതൊരു ട്രെന്റ്സെറ്റർ മൂവി ആവുമെന്ന് ആരും കരുതികാണില്ല.
അജയ് എന്ന കഥാപാത്രത്തിന്റെ ബാല്യകാലം കാണിച്ച് കൊണ്ടാണ് ബാസിഗർ ആരംഭിക്കുന്നത്. രോഗിയായ അമ്മയുടെ ചികിത്സയ്ക്കും, ഭക്ഷണത്തിനും വേണ്ടി ആ ചെറിയ പ്രായത്തിൽ തന്നെ ജോലിചെയ്യാൻ അവന് ഇറങ്ങേണ്ടിവരുന്നു. ജീവിതത്തിന്റെ കറുത്തവശങ്ങൾ എല്ലാം കണ്ടറിഞ്ഞ അവന്റെയുള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു. സമ്പന്നതയുടെ സ്വർഗത്തിൽ നിന്നും നടുത്തെരുവിലേയ്ക്ക് അവനെയും കുടുംബത്തെയും ഇറക്കിവിട്ട ആളോടുള്ള പ്രതികാരദാഹമായിരുന്നു അത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അയാളെയും കുടുംബത്തെയും തകർക്കുവാനായി അജയ് പുറപ്പെടുകയാണ്.
അന്നോളം കണ്ട് മടുത്ത ഹിന്ദി ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥയും, ക്ലൈമാക്സും ഒക്കെ ആയിരുന്നു ബാസിഗർ എന്ന ത്രില്ലറിന്റെ ആകർഷണീയത. ഒരുപാട് സിനിമകളിൽ സഹനടന്റെ വേഷം കെട്ടി നടക്കുന്നതിനേക്കാൾ നല്ലതല്ലേ, ഒരു സിനിമയിൽ നെഗറ്റീവ് നായകനായി വരുന്നത് എന്നാവാം ഷാരുഖ് ചിന്തിച്ചത്.
നായകൻ വില്ലൻ എന്ന അതിരുകൾ മായിച്ച് ഷാരൂഖ് നിറഞ്ഞാടിയ ചിത്രമായിരുന്നു ബാസിഗർ. സിനിമയിൽ ഒന്നും അല്ലാതിരുന്ന ഷാരൂഖിന് ബോളിവുഡിന്റെ ബാദ്ഷാ എന്ന ലേബൽ ഷാരൂഖിന് നേടിക്കൊടുത്തതും ഈ ചിത്രം തന്നെ. ഇത് തന്നെയായിരുന്നു ഷാരൂഖ് – കാജൽ ജോഡിയുടെ ആദ്യ ചിത്രവും.