എംസോൺ റിലീസ് – 3035
ഭാഷ | ഹിന്ദി |
സംവിധാനം | Umesh Bist |
പരിഭാഷ | പ്രജുൽ പി |
ജോണർ | കോമഡി, ഡ്രാമ |
ഭർത്താവായ ആസ്തിക് ഗിരിയുടെ മരണത്തോടെ ചെറുപ്രായത്തിൽ തന്നെ വിധവയായ സന്ധ്യ ഗിരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസ്തിക് മരിച്ചതോടെ കുടുംബാംഗങ്ങളെല്ലാം പതിമൂന്ന് ദിവസത്തേക്ക് വീട്ടിൽ ഒത്തുകൂടുന്നു. എല്ലാവരും അവൻ്റെ മരണത്തിൽ ദുഖിതരാണെങ്കിലും യാതൊരു വിഷമവുമില്ലാതെയുള്ള സന്ധ്യയുടെ വിചിത്രമായ പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കുന്നു. ഭർത്താവിന്റെ വീട്ടുകാർ അവളെ സ്വന്തം വീട്ടിലേക്ക് അയക്കാൻ തയ്യാറാണെങ്കിലും, കെട്ടിച്ചയക്കാൻ രണ്ട് പെൺമക്കൾ കൂടിയുള്ള സന്ധ്യയുടെ അമ്മ അതിനെ എതിർക്കുന്നു. ഭർത്താവ് നഷ്ടപ്പെട്ട സന്ധ്യയും ആസ്തികിനെ ആശ്രയിച്ച് കഴിയുന്ന വീട്ടുകാരും ഇനി ജീവിതം എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ്, തന്റെ ഭർത്താവിന് ഒരു കാമുകി ഉണ്ടായിരുന്നെന്ന വിവരം സന്ധ്യ അറിയുന്നത്.
ഒരു മരണം എങ്ങനെയാണ് പല തിരിച്ചറിവുകൾക്കും, മാറ്റങ്ങൾക്കും വഴിതെളിക്കുന്നതാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ സ്വയം തീരുമാനമെടുക്കാതെ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പൊരുത്തക്കേടുകളും ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരോട് സംവദിക്കാൻ ശ്രമിക്കുന്നുണ്ട്.
ഡാർക്ക് കോമഡി വിഭാഗത്തിൽ ഉപ്പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉമേഷ് ബിസ്താണ്. പ്രശസ്ത ബോളിവുഡ് ഗായകൻ അർജിത്ത് സിംഗ് ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സന്യ മൽഹോത്രയാണ് സന്ധ്യയായി അഭിനയിച്ചിരിക്കുന്നത്. ഒപ്പം ആശുതോഷ് റാണ, ശ്രുതി ശർമ, രഘുബീർ യാദവ് തുടങ്ങിയ മികച്ച അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.